കാസര്‍കോട്: ഓട്ടോറിക്ഷ സമാന്തര മിനി ബാറാക്കി സഞ്ചരിക്കുന്ന മദ്യ വില്പനയ്ക്കിടെ യുവാവ് പിടിയിലായി. ഓട്ടോയില്‍ നിന്നും 21, 600 രൂപയും മദ്യവും കണ്ടെടുത്തു. കോളിച്ചാല്‍ സ്വദേശി പ്രിന്‍സ് കുര്യാക്കോസ് (32) ആണ് പിടിയിലായത്. ചുള്ളിക്കര ഡോണ്‍ ബോസ്കോ ഗ്രൗണ്ടിന് സമീപം സംസ്ഥാന പാതയ്ക്കരികില്‍ ഓട്ടോ നിര്‍ത്തി ആവശ്യക്കാര്‍ക്ക് ഗ്ലാസില്‍ മദ്യം ഒഴിച്ച് നല്കി കച്ചവടം നടത്തുന്നതിനിടയിലാണ് ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായത്. 10 കുപ്പികളില്‍ ആയി സൂക്ഷിച്ച നാലര ലിറ്റര്‍ ഇന്ത്യന്‍ വിദേശ മദ്യം പൊലീസ് ഓട്ടോയില്‍ നിന്നും കണ്ടെടുത്തു. പൊലീസിനെ കണ്ടതോടെ ഇടപാടുകാര്‍ ഓടി രക്ഷപ്പെട്ടു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണന് കെ കാളിദാസന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഓട്ടോ ഉപയോഗിച്ച് മൊബൈല്‍ മദ്യ വില്പനയെ കുറിച്ച് നാട്ടുകാരാണ് പൊലീസില്‍ വിവരം നല്‍കിയത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. എസ്ഐ കരുണാകരന്, സിപിഒ സനോജ്, ഡ്രൈവര്‍ സിപിഒ വിനോദ് എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)