പാര്‍ട്ടിക്കിടെ വഴക്ക്; കോളേജ് വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ കൊന്ന് വയലില്‍ കുഴിച്ചുമൂടി

പാര്‍ട്ടിക്കിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിയെ സുഹൃത്തക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി വയലില്‍ കുഴിച്ചുമൂടി. നോയിഡ സര്‍വകലാശാലയില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ യാഷ് മിത്തലിനെയാണ് കൂട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന് കുഴിച്ചിട്ടത്. ആഴ്ചകള്‍ക്ക് മുമ്പ് സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥിയെ കാണാതായ സംഭവവും തുടര്‍ന്ന് കോടികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോണ്‍കോളിന്റെ ഉറവിടം തിരക്കിയും പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ വിവരം പുറംലോകമറിഞ്ഞത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന യാഷിനെ തിങ്കളാഴ്ച മുതല്‍ കാണാതായിരുന്നു. ഇതിനുപിന്നാലെ യാഷിന്റെ ബിസിനസുകാരനായ പിതാവ് ദീപക് മിത്തലിന് ഭീഷണി ഫോണ്‍ സന്ദേശം ലഭിച്ചു. മകനെ മോചിപ്പിക്കാന്‍ ആറ് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. തുടര്‍ന്ന് ദീപക് മിത്തല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വ്യക്തമായത്. സര്‍വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. യാഷ് ഫോണില്‍ സംസാരിച്ചുകൊണ്ട് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും കണ്ടെത്തി. ഫോണ്‍ വിളികളുടെ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ സുഹൃത്ത് രചിത് ആണ് വിളിച്ചതെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുഹൃത്തുക്കളായ ശിവം, സുശാന്ത്, ശുഭം എന്നിവര്‍ക്കുമൊപ്പമാണ് യാഷ് വന്നതെന്ന് രചിത് മൊഴി നല്‍കി. ഉത്തര്‍പ്രദേശിലെ അമോറയിലെ ഒരു വയലില്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലേക്ക് ഇവര്‍ യാഷിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം നടന്നു. സംഘര്‍ഷാവസ്ഥയിലെത്തിയതോടെ സംഘം യാഷിനെ കൊലപ്പെടുത്തി വയലില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. പൊലീസ് പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ കുഴിച്ചിട്ട സ്ഥലത്ത് നിന്നും മൃതദേഹം പുറത്തെടുത്തു. അതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലൂം ദാദ്രിയില്‍ ഏറ്റുമുട്ടലിലൂടെ രണ്ട് പേരെ പൊലീസ് കീഴടക്കി. യാഷിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്ന് സംഘം പൊലീസില്‍ മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page