തെറിവിളിയും രാജി ഭീഷണിയും; സമരാഗ്‌നിയില്‍ ഇനി സുധാകരനും സതീശനും ഒന്നിച്ചിരിക്കില്ല, സംയുക്ത വാര്‍ത്താസമ്മേളനം ഇല്ല

ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തിനിടെ വിഡി സതീശന്‍ വൈകിയെത്തിയതിന് കെ സുധാകരന്‍ അസഭ്യ പ്രയോഗം നടത്തിയതിനു പിന്നാലെ സമരാഗ്‌നിയില്‍ ഇനി സുധാകരനും സതീശനും ഒന്നിച്ചിരിക്കേണ്ടതില്ലെന്ന് തീരുമാനം. കെ സുധാകരന്‍ മാധ്യമങ്ങളുടെ മുന്നില്‍വെച്ച് വിഡി സതീശനെ തെറി വിളിച്ചത് വലിയ വിവാദമായിരുന്നു. സുധാകരന്റെ അസഭ്യവര്‍ഷത്തില്‍ പ്രതിഷേധിച്ച് വിഡി സതീശന്‍ രാജിഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇനി മുതല്‍ സമരാഗ്‌നി യാത്രയില്‍ ഇരുവരും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്.
പത്തനംതിട്ടയില്‍ തിങ്കളാഴ്ച കെ സുധാകരനും വിഡി സതീശനും സംയുക്തമായി പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തീരുമാനിച്ച സമയത്ത് എത്താനാവില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്. അതേസമയം കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശന്‍ വൈകിയെത്തിയതിന് കെ സുധാകരന്‍ അസഭ്യ പ്രയോഗം നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കിയതെന്നതും കൗതുകകരമാണ്. സമരാഗ്‌നി കടന്നുപോയ എല്ലാ ജില്ലകളിലും ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അതിന് ശേഷമാണ് ജനകീയ ചര്‍ച്ചാ സദസ്സിലേക്ക് നേതാക്കള്‍ പോയിരുന്നത്. അതനുസരിച്ച് പത്തനംതിട്ടയില്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിന് ശേഷമാകും ജനകീയ സദസ് ഉണ്ടാവുകയെന്ന് ഡിസിസി മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനം ഇല്ലെന്ന് ഡിസിസി നേതൃത്വം രാവിലെ അറിയിക്കുകയായിരുന്നു. തൊണ്ട വേദനയുള്‍പ്പെടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ എറണാകുളത്ത് നിന്നും പത്തനംതിട്ടയിലേക്ക് എത്താന്‍ വൈകുമെന്നും അതിനാല്‍ സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കുകയാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page