സിപിഎം ലക്ഷ്യം കാസര്‍കോട് പിടിച്ചെടുക്കല്‍; രംഗത്തിറക്കുന്നത് ജില്ലാ സെക്രട്ടറിയെ; 2019 ല്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം 40,438 വോട്ട്

കാസര്‍കോട്: കഴിഞ്ഞ തവണ കൈവിട്ടുപോയ കാസര്‍കോട് മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് സിപിഎം നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ ഇക്കുറി കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുന്നത് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെയാണ്. കടുത്ത പോരാട്ടം നടത്തുക എന്നതിനപ്പുറം മണ്ഡലം ഒപ്പം നിര്‍ത്തുക എന്ന തീരുമാനത്തോടെയാണ് സി.പി.എം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അണികള്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കുക എന്നതിനപ്പുറം പരമാവധി വീടുകള്‍ കേന്ദ്രീകരിക്കുക എന്ന രീതിയാണ് ഇക്കുറി എല്‍ഡിഎഫ് അവലംബിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായി എംവി ബാലകൃഷ്ണനെ തീരുമാനിച്ചതിനു പിന്നാലെ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന് ഒപ്പം നിന്നപ്പോള്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 40,438 വോട്ടിനാണ് വിജയിച്ചത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെപി സതീഷ് ചന്ദ്രന്‍ 4,34,523 വോട്ടു നേടിയപ്പോള്‍ ഉണ്ണിത്താന്‍ 4,74,961 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ 1,76,049 വോട്ടും നേടി. 4,417 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13,24,387 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 6,36,689 പേര്‍ പുരുഷന്മാരും 6,87,696 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. 11,00,051 പേരാണ് കഴിഞ്ഞ തവണ വോട്ടു രേഖപ്പെടുത്തിയത്. ഇത്തവണ പുതിയ വോട്ടര്‍മാരുടെ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അന്തിമ കണക്ക് വ്യക്തമായിട്ടില്ല.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കാസര്‍കോട് ലോക്സഭാ മണ്ഡലം. ഇവയില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും മുസ്ലീംലീഗ് എംഎല്‍എമാരാണ് കാഞ്ഞങ്ങാട് സിപിഐയും മറ്റു മൂന്നു മണ്ഡലങ്ങളില്‍ സിപിഎം എംഎല്‍എമാരുമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും ഇതേ സ്ഥിതിയായിരുന്നു നിയമസഭാ മണ്ഡലങ്ങളില്‍. എന്നിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഗോദയിലിറങ്ങിയ ഉണ്ണിത്താന്‍ 40,438 വോട്ടുകള്‍ക്കാണ് വിജയം കണ്ടത്. അതിനു തൊട്ടുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പി കരുണാകരന്‍ അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്കു മാത്രമാണ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും കല്യോട്ട് ഇരട്ടക്കൊലയുമാണ് എല്‍ഡിഎഫിനു തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ അത്തരമൊരു സാഹചര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിനുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page