ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ലയൺസ് കേരള പ്രീമിയർ ലീഗ് ഉത്തര മേഖല ഫൈനലിൽ

കാസർകോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ലയൺസ് കേരള പ്രീമിയർ ലീഗ് ട്വന്റി 20 ഉത്തര മേഖല ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ തൃശൂർ കേരളവർമ്മ കോളേജിനെ 41 റൺസിന് തോൽപ്പിച്ചാണ് സെന്റ് ജോസഫ്സ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത സെന്റ് ജോസഫ്സ് കോളേജ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളവർമ്മ കോളേജിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമാണ് നേടാനായത്.മുൻനിര ബാറ്റർമാരായ കാശിനാഥ്, അഭിറാം, അക്ഷയ് എന്നിവരുടെ ഉജ്ജ്വല ഇന്നിങ്സുകളാണ് സെന്റ് ജോസഫ്സ് കോളേജിനെ മികച്ച സ്കോറിലെത്തിച്ചത്. കാശിനാഥ് 30 പന്തുകളിൽ നിന്ന് 52വും അഭിറാം 30 പന്തുകളിൽ നിന്ന് 47 വും അക്ഷയ് 24 പന്തുകളിൽ നിന്ന് 39 വും റൺസെടുത്തു. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ തേജസിന്റെ പ്രകടനവും ശ്രദ്ധേയമായി. തേജസ് എട്ട് പന്തുകളിൽ നിന്ന് 24 റൺസെടുത്തു. കേരളവർമ്മ കോളേജിന് വേണ്ടി ജിഷ്ണുവും ജീവനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളവർമ്മ കോളേജിന് ഓപ്പണർ ആൽവിന്റെ തകർപ്പൻ ഇന്നിങ്സ് പ്രതീക്ഷ നൽകി. എന്നാൽ 19ആം ഓവറിൽ ആൽവിൻ പുറത്തായത് ടീമിന് തിരിച്ചടിയായി. ആൽവിൻ 55 പന്തുകളിൽ 12 ഫോറും മൂന്ന് സിക്സുമടക്കം 90 റൺസ് നേടി. ക്യാപ്റ്റൻ ദീപക്, ഷാരോൺ എന്നിവർ 32 റൺസ് വീതവും നേടി പുറത്തായി. സെന്റ് ജോസഫ്സിന് വേണ്ടി കാശിനാഥ് നാല് വിക്കറ്റ് വീഴ്ത്തി. 52 റൺസ് നേടി ബാറ്റിങ്ങിലും തിളങ്ങിയ കാശിനാഥ് തന്നെയാണ് കളിയിലെ താരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page