രാഘവൻ ബെള്ളിപ്പാടി സഹകരണ മേഖലയിലെ 35വർഷത്തെ സർവീസിനു ശേഷം വിട പറയുന്നു

രാജൻ മുനിയൂർ

മൂന്നര പതിറ്റാണ്ടു കാലത്തെ സേവനത്തിനുശേഷംരാഘവൻ ബെളളിപ്പാടി സഹകരണമേഖലയിൽ നിന്നു പടിയിറങ്ങുന്നു. പ്രതിസന്ധികളെ പുഷ്പം പോലെ മറികടക്കുവാനും ഭരണപരമായ കാര്യങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കാതെ താമസംവിനാ നേടിയെടുക്കുവാനുമുള്ള കുശാഗ്രബുദ്ധി, എളിമയാർന്ന സമീപനം, കർമ്മനിരതമായ പ്രവർത്തനം, എല്ലാവരെയും സ്നേഹിക്കുവാൻ വെമ്പൽ കൊളളുന്ന ഹൃദയ വിശാലത, എല്ലാവരെയും തുല്യരായി കണ്ട് വിശ്വസിക്കുന്ന, സ്നേഹിക്കുന്ന ശുദ്ധ ഹൃദയൻ, സാധു മനുഷ്യൻ, ഔദ്യോഗിക തിരക്കുകൾക്കിടയിലും എഴുത്തിലും വായനയിലും വ്യാപൃതനായ ഭാഷാ സ്നേഹി തുടങ്ങി ജീവിതവും സമൂഹവുമായി ബന്ധപ്പെട്ട സകല രംഗങ്ങളിലും അടയാളപ്പെടുത്തിയാണ് അദ്ദേഹം ഔദ്യോഗികജീവിതത്തോടു വിടപറയുന്നത്. സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പി. കൃഷ്ണൻ നായരാണ് പിതാവ്.കെ. നാരായണി അമ്മ മാതാവ്. കാസർകോട് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽപ്പെട്ട ബെള്ളിപ്പാടിയിലാണ് താമസം. നന്നേ ചെറുപ്പത്തിലുള്ള മാതാപിതാക്കളുടെ വിയോഗത്തിൻ്റെ വേദന ഇന്നും വിട്ടുമാറിയിട്ടില്ല. കഷ്ടപ്പാടുകളും വേദനകളും ഏറെ അനുഭവിച്ച ബാല്യ, കൗമാര കാലങ്ങളുടെ അലയൊലികൾ ഇപ്പോഴും മുഖത്ത് ചിലപ്പോഴൊക്കെ പ്രതിഫലിക്കാറുണ്ട്. ചിലപ്പോഴത് കവിതകളായി പിറക്കും. അത്തരം പ്രതിസന്ധികളെ നേരിട്ടതിൽ നിന്നാർജ്ജിച്ച കരുത്താണ് പിന്നീടുള്ള ജീവിത യാത്രയിലെ വിജയത്തിന് പ്രേരണയായതെന്ന് മനസ്സിലാക്കാം. ഇരിയണ്ണി ഗവ. ഹൈസ്ക്കൂൾ, കാസർകോട് ഗവ. കോളേജ് എന്നിവിടങ്ങളിൽ പഠനം. ചരിത്രത്തിൽ ബിരുദവും ബാങ്കിംഗ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇരിയണ്ണി ഏ.കെ.ജി വായനശാല സെക്രട്ടറിയായും കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായും നീണ്ട കാലം പ്രവർത്തിച്ചു. 1990 മുതൽ കാസർകോട് പബ്ലിക് സർവ്വൻ്റ്സ് സഹകരണ സംഘo സെക്രട്ടറിയായി ജോലി ചെയ്യുന്നു. രാഘവൻ ബെള്ളിപ്പാടി 2026 മെയ് 31 ന് ജോലിയിൽ നിന്നു വിരമിക്കുകയാണ്. സ്വന്തം നാട്ടിൽ സ്വയം മുൻകൈയെടുത്ത് അക്ഷര വെളിച്ചമേകാൻ രൂപീകരിച്ച ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിൻ്റെ സെക്രട്ടറിയായ രാഘവൻ ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ പി.ടി.എ പ്രസിഡണ്ടായും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു വരുന്നു. എഴുത്തിനെയും വായനയെയും അഗാധമായി സ്നേഹിക്കുന്ന അദ്ദേഹം സ്വന്തം വീട്ടിൽ തന്നെ നിരവധി പുസ്തകങ്ങളുടെ ശേഖരമൊരുക്കിയിട്ടുണ്ട്. അറിയപ്പെടുന്ന സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനും കവിയും പ്രഭാഷകനുമായ രാഘവൻ ബെളളിപ്പാടി നേർരേഖ ലേഖന സമാഹാരവും സാക്ഷിമൊഴി,ബാർട്ടർ ജീവിതം, കുഴിച്ചിട്ട മൗനം, തുറിച്ചു നോക്കുന്ന വാക്കുകൾ, പ്രണയം ഇന്നലെയും ഉണ്ടായിരുന്നു എന്നീ കവിതാ സമാഹാരങ്ങളും വടക്കൻ സ്കെച്ചുകൾ എന്നഓർമ്മ കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മചൈതന്യം’ കവിത സി.ഡി. യും ‘കാണിക്ക’ ഭക്തിഗാന സി.ഡി. യും പുറത്തിറക്കിയിട്ടുണ്ട്. ലേഖനത്തിലും കവിതയിലും തൻ്റേതായ ഇടം കണ്ടെത്തിയ അദ്ദേഹത്തിനു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ സാഹിത്യ സിരി കവിതാ പുരസ്ക്കാരം, ഉബൈദ് ലൈബ്രറി അവാർഡ്, ദക്ഷിണ കന്നഡ രാജ്യോത്സവ് പുരസ്ക്കാരം, നവോത്ഥാന കലാ സാഹിത്യ സംസ്കൃതി മാഗസിൻ്റെ നവോത്ഥാന ശ്രേഷ്ഠ പുരസ്ക്കാരം, തുളുനാട് അവാർഡ് എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ലേഖനത്തിൽ സംസ്ഥാന തല മൽസരങ്ങളിലടക്കം ജേതാവായിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ യൂണിയൻ്റെ മുഖമാസികയായ കേരള സഹകരണ ജേർണലിൽ ലേഖനങ്ങൾ എഴുതാറുണ്ട്. കൽക്കത്ത, മുംബൈ, ഗോവ, ബംഗളൂരു, മംഗളൂരു, ചിറ്റൂർ തുടങ്ങി കേരളത്തിലും പുറത്തും കവി സമ്മേളനങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. വിരമിക്കലിനു ശേഷം എഴുത്തിൽ സജീവമാകാനാണ് ഉദ്ദേശം. മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ലതിക എം ഭാര്യയും വിദ്യാർത്ഥികളായ അമർനാഥ് എൽ. ആർ, ചിന്മയി എൽ. ആർ മക്കളുമാണ്. 1964 ൽ രൂപീകരിച്ച കാസർകോട്പബ്ലിക് സർവ്വൻ്റ്സ് സഹകരണ സംഘത്തിൻ്റെ വളർച്ചയിൽ രാഘവൻ ബെളളിപ്പാടിയുടെ കാര്യമായ ഇടപെടലുകളുണ്ട്. സെക്രട്ടറിയെന്ന നിലയിൽ സംഘത്തെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹം സംഘത്തെ മറ്റു സഹകരണ സംഘങ്ങളുടെ മുന്നിൽ എത്തിച്ചു് ആ രംഗത്തും മാതൃക പകർന്നു. —– —

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page