ഇന്നത്തെ പ്രധാന വാർത്തകൾ

​1. യുഎസ്-ഇറാൻ സംഘർഷവും സമാധാന പ്രതികരണവും:
ഹോർമുസ് കടലിടുക്കിലെ നാവിക നിയന്ത്രണങ്ങൾ അവസാനിച്ചുവെന്നും കപ്പലുകൾക്ക് മടങ്ങാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. യുറേനിയം ശേഖരം ഉപേക്ഷിക്കാമെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ട്രംപ് പറയുന്നത് പാതി സത്യം മാത്രമാണെന്നും യുറേനിയം കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.

​വ്യോമാക്രമണങ്ങൾ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസിന്റെ അത്യാധുനിക M എം.ക്യു -9 ഡ്രോൺ തങ്ങളുടെ പുതിയ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ പെന്റഗൺ ഇത് നിഷേധിച്ചിട്ടുണ്ട്.

​ആഗോളതലത്തിൽ ഇസ്രായേൽ നേരിടുന്ന ഒറ്റപ്പെടലുകൾക്കിടയിലും ഇന്ത്യ തങ്ങൾക്ക് നൽകുന്ന പിന്തുണയെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വാനോളം പുകഴ്ത്തി. ഇന്ത്യൻ ജനത ഇസ്രായേലിനോട് കാണിക്കുന്ന സ്നേഹം അചഞ്ചലമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

​ഗാസയിലും ലെബനനിലും
​ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നു: യുദ്ധക്കെടുതി രൂക്ഷമായ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ പെൺകുട്ടികളുടെ ശൈശവ വിവാഹ നിരക്ക് കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ .

​ലെബനനിൽ ഇസ്രായേൽ ആക്രമണം: താൽക്കാലിക വെടിനിർത്തൽ ധാരണകൾ ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കി.
വ്യോമാക്രമണങ്ങളിൽ 16 പേർ മരിക്കുകയും നിരവധി പേർ പലായനം ചെയ്യുകയും ചെയ്തു.

​ആഫ്രിക്കയിൽ എബോള ഭീതി; സഹായവുമായി ഇന്ത്യ.
​ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ യാത്രക്കാർക്ക് അടിയന്തര നിർദ്ദേശം നൽകി. അതേസമയം എബോള പ്രതിരോധത്തിനായി അടിയന്തര മരുന്നുകളും പ്രതിരോധ സാമഗ്രികളും ഇന്ത്യ കോംഗോയിൽ എത്തിച്ചു.

​കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റു മരിച്ച സംഭവം പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി കനേഡിയൻ പോലീസ് അറിയിച്ചു.

​പാകിസ്ഥാനിൽ ചാവേർ ആക്രമണം: പാക് സൈനികർ സഞ്ചരിച്ച ട്രെയിനിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

​കെനിയയിൽ സ്കൂളിൽ തീപിടിത്തം: മധ്യ കെനിയയിലെ ഒരു ബോർഡിംഗ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16 വിദ്യാർത്ഥിനികൾ ദാരുണമായി മരണപ്പെട്ടു.

​അമേരിക്കയിൽ പൈപ്പ്‌ലൈൻ പൊട്ടിത്തെറി: യുഎസിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ ചോർന്നുണ്ടായ വൻ സ്ഫോടനത്തിൽ ഫ്ലാറ്റ് സമുച്ചയം തകർന്ന് 3 പേർ മരിച്ചു.

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ജൂൺ 3-ന് അധികാരമേൽക്കും
​കർണാടകയിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഒടുവിൽ തീരുമാനമായി

​2. നീറ്റ് പുനഃപരീക്ഷയ്ക്ക് വ്യോമസേനയുടെ സഹായം തേടാൻ കേന്ദ്ര നീക്കം.
​പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന പുനഃപരീക്ഷ കൂടുതൽ സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ തുടരുന്നു. പരീക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യൻ സൈനികർക്ക് യുഎന്നിന്റെ മരണാനന്തര ബഹുമതി.
​ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരായ ലാൻസ് ഹവിൽദാർ ഹർഭജൻ സിങ് (കോംഗോ), നായിബ് സുബേദാർ സുജിത് കുമാർ പ്രധാൻ (ദക്ഷിണ സുഡാൻ) എന്നിവർക്ക് യുഎന്നിന്റെ മരണാനന്തര ബഹുമതി പ്രഖ്യാപിച്ചു.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ബഹുമതി സമ്മാനിക്കും.

കർണാടകയിൽ വസ്തുതർക്കത്തെ തുടർന്ന് കൂട്ടക്കൊല.
​കർണാടകയിലെ വിജയപുരയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള 25 ഏക്കർ ഭൂമി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പേർ വെടിയേറ്റും വെട്ടേറ്റും കൊല്ലപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

​തമിഴ്‌നാടിന് പുതിയ സ്ഥിരം ഡിജിപി.
​തമിഴ്‌നാട് പോലീസ് മേധാവിയായി മഹേഷ്‌ കുമാർ അഗർവാളിനെ നിയമിച്ചു. ഏറെ നാളായി ആക്റ്റിംഗ് ഡിജിപിയാണ് സംസ്ഥാനത്ത് ക്രമസമാധാന ചുമതല വഹിച്ചിരുന്നതു്.

​സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് ജൂൺ ഒന്ന് മുതൽ ഇതിനായി അപേക്ഷിക്കാം.

​യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ നിയമസഭയിൽ നടത്തി. മയക്കുമരുന്നിനെതിരെയുള്ള ശക്തമായ എൻഫോഴ്സ്മെന്റ്, സൈബർ നിരീക്ഷണം, പോലീസ് ആധുനികവൽക്കരണം എന്നിവ നയപ്രഖ്യാപനത്തിൽ എടുത്തുപറയുന്നു

​വന്ദേമാതരം വിവാദം: നിയമസഭയുടെ ചരിത്രത്തിലാദ്യമായി ‘വന്ദേമാതരം’ ആലപിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചെങ്കിലും, ഗീതം പൂർണ്ണമായി പാടിയില്ലെന്ന് ആരോപിച്ച് ഗവർണറും ബിജെപിയും രംഗത്തെത്തിയത് വിവാദമായിട്ടുണ്ട്.

​പ്രതിപക്ഷ വിമർശനം: പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഉപരിപ്ലവമാണെന്നും വ്യക്തമായ നയമില്ലാത്തതാണെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് മുന്നണിയും വിമർശിച്ചു.

​ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 16 ഓളം പ്രവർത്തകരെ പോലീസ് റിമാൻഡ് ചെയ്തു.
​ഇഡി റെയ്ഡും പ്രതികരണവും: തന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെ പരിഹസിച്ച് പിണറായി വിജയൻ രംഗത്തെത്തി. താൻ ആവശ്യപ്പെട്ടിട്ടാണ് മോദി ഇഡി റെയ്ഡ് നടത്തിയതെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.

​മാസപ്പടി കേസ്: സിഎംആർഎൽ കമ്പനിയിൽ നിന്ന് ടി. വീണയും എക്സാലോജിക്കും 2.78 കോടി രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു.


​അതിവേഗ റെയിൽപാത: മെട്രോമാൻ ഇ. ശ്രീധരൻ വിഭാവനം ചെയ്ത അതിവേഗ ബദൽ റെയിൽപാതയുടെ (3 മണിക്കൂർ 15 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം) ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഇതിന് പുതിയ സർക്കാർ പച്ചക്കൊടി കാട്ടിയേക്കുമെന്നാണ് സൂചന.

​വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തെ വിവിധ കോണുകളിൽ നിന്ന് സ്വാഗതം ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത 4 ദിവസത്തേക്ക് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് (ശനിയാഴ്ച) തൃശൂർ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

​മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു.

​സ്വർണ്ണവിലയിൽ ഇടിവ്: രാജ്യാന്തര വിപണിയിലെ ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. രണ്ടു ദിവസം കൊണ്ട് പവന് 1,640 രൂപയോളമാണ് കുറഞ്ഞത്.

കാസർകോട് ജില്ലയിൽ കഴിഞ്ഞ ആറ് ദിവസത്തിനിടെ മൂന്ന് വിവാഹിതരായ യുവതികൾ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നഴ്സായ അശ്വതി, സെറീന, ഫാത്വിമത്ത് സുഫൈദ എന്നിവരാണ് മരിച്ചത്. തൂങ്ങിയ നിലയിലും വിഷാംശം ഉള്ളിൽച്ചെന്ന നിലയിലുമായിരുന്നു ഇവരെ കണ്ടെത്തിയത്. ഇതിൽ പള്ളപ്പാടിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനമാണ് കാരണ മെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page