റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ മാല തട്ടിപ്പറിച്ചെടുത്തു; സ്‌കൂട്ടിയിലെത്തിയ സംഘം സ്വര്‍ണമെന്ന് കരുതി കവര്‍ന്നത് ഒരാഴ്ച മുമ്പ് വാങ്ങിയ മുക്കുമാല; പിടിവലിക്കിടെ വീണ് വയോധികക്ക് പരിക്ക്

കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ മാല സ്‌കൂട്ടിയിലെത്തിയ സംഘം തട്ടിപ്പറിച്ചെടുത്തു. പിടിവലിക്കിടെ വീണ് വയോധികക്ക് പരിക്ക്. നീര്‍ച്ചാല്‍ പൂവാള സ്വദേശിനി ഗിരിജ(68)യുടെ മുക്കുമാലയാണ് രണ്ടംഗ സംഘം കവര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം. വെള്ള സ്‌കൂട്ടിയിലെത്തിയ സംഘം വഴി ചോദിച്ച് പിന്നാലെ വരികയായിരുന്നു. അതിനിടെ പിന്നിലിരുന്ന ആള്‍ മാല പിടിച്ചെടുത്തപ്പോള്‍ ഗിരിജ എതിര്‍ത്തു. പിടിവലിക്കിടെ ഗിരിജയെ തളളിയിട്ടു. ബഹളം കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. നിലത്തുവീണ ഗിരിജയുടെ കാല്‍മുട്ടിന് പരിക്കുപറ്റി. ഒരാഴ്ച മുമ്പ് 900 രൂപ കൊടുത്ത് വാങ്ങിയ മുക്കുമാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നതെന്ന് ഗിരിജ ബദിയടുക്ക പൊലീസിനോട് പറഞ്ഞു. ഗിരിജയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടംഗ സംഘം വെള്ള സ്‌കൂട്ടിയില്‍ സീതാംഗോളി ഭാഗത്തേക്ക് പോകുന്നതായി സിസിടിവിയില്‍ തിരിച്ചറിഞ്ഞു. മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം സമാനമായ രണ്ടു സംഭവങ്ങള്‍ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page