കാസര്‍കോട്: കാസര്‍കോട് മേഖലയിലെ റെയില്‍വേ യാത്രാസൗകര്യങ്ങളും സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഡി.ആര്‍.എമ്മിനെ അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെ വി.ഐ.പി ലോഞ്ചില്‍ നടന്ന പ്രത്യേക കൂടിക്കാഴ്ചയില്‍ അസോസിയേഷന്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ഡി.ആര്‍.എം വിശദമായി ചര്‍ച്ച ചെയ്യുകയും നിവേദനം സ്വീകരിക്കുകയും ചെയ്തു. കണ്ണൂര്‍ – മംഗളൂരു പുതിയ മെമു വേണം, ഗോവ – മംഗളൂരു മെമു കണ്ണൂരിലേക്ക് നീട്ടണം തുടങ്ങി 12 ഓളം ആവശ്യങ്ങള്‍ മാനേജറെ അറിയിച്ചു. വടക്കന്‍ മലബാറിലെയും ദക്ഷിണ കന്നഡ മേഖലയിലെയും യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്ന ഈ ആവശ്യങ്ങളില്‍ അനുകൂലമായ നടപടി റെയില്‍വേയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കള, കോര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാര്‍ പെര്‍വാഡ്, ഭാരവാഹികളായ കെ. ഖാലിദ് ചെര്‍ക്കളം, മുഹമ്മദ് സായിസ് പടുവടുക്ക എന്നിവരടങ്ങുന്ന സംഘമാണ് ഡി.ആര്‍.എമ്മുമായി ചര്‍ച്ച നടത്തിയത്.







