കോഴിക്കോട്: സമരാഗ്നി ജാഥ തുടരുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിജിലൻസിൽ പരാതി. കെപിസിസിയുടെ സമരാഗ്നി ജാഥ കോഴിക്കോട്ടെക്ക് എത്തിയപ്പോഴാണ് സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ വാങ്ങിയെന്ന ആരോപണവുമായി വിജിലൻസിന് പരാതി ലഭിച്ചത്. പി വി അൻവർ എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗം കൂടി ചേർത്താണ് പരാതി നൽകിയത്. ബംഗളൂരു ഹൈദരാബാദ് ഐ ടി കമ്പനികളിൽ നിന്ന് കോഴ വാങ്ങി എന്ന് പരാതിയിൽ പറയുന്നു. കേരള കോൺഗ്രസ് നേതാവ് എ എച്ച് ഹാഫിസ് ആണ് പരാതി നൽകിയത്. പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് കേസെടുക്കുമെന്നാണ് സുചന. കണ്ടെയ്നർ ലോറികളിൽ 50 കോടി രൂപ വീതം മൂന്നു ഘട്ടങ്ങളിലായി തൃശൂർ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചുവെന്നും അവിടെനിന്ന് രണ്ട് ആംബുലൻസുകളിലായി വി.ഡി. സതീശന്റെ സുഹൃത്തുകളുടെ കൈയിലെത്തിയെന്നും കർണാടകയിൽ ഈ പണം നിക്ഷേപിച്ചെന്നുമാണ് അന്ന് അൻവർ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണമെന്നും മാസത്തിൽ മൂന്ന് തവണയെങ്കിലും അദ്ദേഹം ബംഗളൂരുവിൽ പോയിട്ടുണ്ടെന്നും അൻവർ ആരോപിരുന്നു. ജാഥ തുടങ്ങിയ അവസരത്തിലാണ് വീണ്ടും പരാതി എത്തിയത്.
നേരത്തെയും വി ഡി സതീശനെതിരെ വിജിലൻസിൽ പരാതി ഉണ്ടായിരുന്നു. സ്വന്തം മണ്ഡലമായ പറവൂരിൽ, 2018ലെ പ്രളയബാധിതർക്ക് വീട് നിർമിക്കുന്ന പുനർജനി ഭവനപദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് വൻ പണപ്പിരിവ് നടത്തിയെന്നായിരുന്നു പരാതി.
