കാസര്‍കോട്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി നോട്ടീസ് നല്‍കി വിട്ടയച്ചതിനു പിന്നാലെ ലോറി ഡ്രൈവര്‍ വിഷം കഴിച്ച് ജീവനൊടുക്കി. പുത്തിഗെ കട്ടത്തടുക്ക,എക്‌സ്‌ചേഞ്ച് റോഡിലെ വസന്തനായികിന്റെ മകന്‍ പ്രവീണ്‍കുമാര്‍ (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ചാണ് വിഷം കഴിച്ചത്. കുഴഞ്ഞു വീണ പ്രവീൺ കുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മംഗ്‌ളൂരുവിലെ ഒരു കോഴി ഫാമില്‍ ലോറി ഡ്രൈവറാണ് പ്രവീണ്‍കുമാര്‍.
തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കുമ്പളയില്‍ വച്ച് പൊലീസിന്റെ പിടിയിലായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് നോട്ടീസ് നല്‍കിയ ശേഷമാണ് വിട്ടയച്ചത്.
എന്നാല്‍ ഇതാണോ ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നതു വ്യക്തമല്ല. മംഗളൂരുവിലെ സ്ഥാപനത്തില്‍ വലിയ സാമ്പത്തിക ബാധ്യത ഉള്ളതായും പറയുന്നുണ്ട്. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: ഗീത. സഹോദരങ്ങള്‍ ശശികുമാര്‍, നവീന്‍ കുമാര്‍.







