ക്രിക്കറ്റ് മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ പതിനഞ്ചുകാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. മത്സരത്തില്‍ തോറ്റ ടീമിലെ കളിക്കാരനാണ് പതിനഞ്ചുകാരനെ അടിച്ചുകൊന്നത്. രാജസ്ഥാനിലെ ഭവാനി മണ്ഡി ടൗണിലാണ് സംഭവം. രാജസ്ഥാന്‍ ടെക്സ്റ്റൈല്‍സ് മില്‍സ് ലേബര്‍ കോളനിയില്‍ താമസിക്കുന്ന പ്രകാശ് സാഹുവാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ മുകേഷ് മീനയെ (20)പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മത്സരശേഷം സഹതാരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ, എതിര്‍ ടീം അംഗമായ മുകേഷ് രോഷാകുലനായി ബാറ്റുകൊണ്ട് സാഹുവിന്റെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാഹുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഷാകുലരായ പ്രദേശവാസികള്‍ മുകേഷിന്റെ ബൈക്ക് അടിച്ചുതകര്‍ത്തു. സാഹു 10 ാം ക്ലാസ് വിദ്യാര്‍ഥിയും മുകേഷ് ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ്. കോളനിയിലെ മൈതാനത്ത് ഇരുവരും പതിവായി ക്രിക്കറ്റ് കളിക്കുന്നവരാണെന്ന് സിഐ മങ്കിലാല്‍ യാദവ് പറഞ്ഞു.