താന്‍ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ; സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കാനാണ് മരിച്ചെന്ന വ്യാജ വാര്‍ത്ത താനുണ്ടാക്കിയതെന്നും നടി

സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. മിക്ക മാധ്യമങ്ങളും അത് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് അറിയിച്ച് നടി തന്നെ രംഗത്തെത്തി. തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ പുറത്തുവിട്ട വിഡിയോയിലൂടെ അറിയിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം’. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാനാകും, എച്ച്.പി.വി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക’- പൂനം പറഞ്ഞു.
കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. പൂനത്തിന്റെ മരണവാര്‍ത്ത അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പൂനത്തിന്റെ സഹോദരിയാണ് മരണവാര്‍ത്ത തങ്ങളെ അറിയിച്ചതെന്ന് പി.ആര്‍ ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതല്‍ ചെറുതും വലുതുമായ ഒട്ടേറെപ്പേര്‍ അനുശോചിച്ചിരുന്നു.
രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല, മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നില്ല. ഇതോടെ മരണവാര്‍ത്തയെ സംശയത്തോടെയാണ് ആളുകള്‍ നോക്കി കണ്ടത്. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ നാടകം കളിച്ചതില്‍ പൂനത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. നടിയ്ക്കെതിരേ നടപടിയെടുക്കണമെന്നും ഒട്ടേറെപേര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page