കാസര്‍കോട്: മരിച്ചുപോയ പിതൃക്കളുടെ അനുഗ്രഹം തേടി ആയിരങ്ങള്‍ കര്‍ക്കടക വാവ് ദിവസം ബലി തര്‍പ്പണം നടത്തി. ക്ഷേത്രങ്ങളിലും തറവാട് ഭവനങ്ങളിലും വീടുകളിലും തൃക്കണ്ണാട് കടല്‍ത്തീരത്തും വിവിധ ചടങ്ങുകള്‍ നടത്തി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ പുലര്‍ച്ചെ 6 നു തുടങ്ങിയ തര്‍പ്പണത്തിന് ജനപ്രവാഹമായിരുന്നു. കാസര്‍കോട് ജില്ല കൂടാതെ കണ്ണൂര്‍, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നും ബലി തര്‍പ്പണത്തിന് ആയിരങ്ങളെത്തി. മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായുടെ നേതൃത്വത്തില്‍ ആരംഭിച്ച ചടങ്ങുകള്‍ക്ക് ഇരുപതോളം വൈദികര്‍ കാര്‍മികത്വം വഹിച്ചു. തീരദേശ പാതയില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആഘോഷ കമ്മിറ്റിക്കു പുറമേ മാതൃസമിതി, ഭജനസമിതി, പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ്, ലൈഫ് ഗാര്‍ഡ്, ആരോഗ്യവകുപ്പ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയവയുടെ സേവനവും ഉണ്ടായിരുന്നു.

ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം മഹിഷമര്‍ദിനി ക്ഷേത്രത്തില്‍ ത്രിവേണി സംഗമത്തില്‍ ബലി തര്‍പ്പണം ചടങ്ങുകള്‍ നടന്നു. നീലേശ്വരം മരക്കാപ്പ് കടപ്പുറം മൂകാംബികാ ദേവി ക്ഷേത്രത്തിലും
അട്ടേങ്ങാനം ബേളൂര്‍ ശിവക്ഷേത്രത്തിലും ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലും
വെള്ളരിക്കുണ്ട് അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിലും ബലി തര്‍പ്പണം നടന്നു.







