കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി പൊലീസ് സേനയിലെ അഴിച്ചുപണി തുടരുന്നു. സംസ്ഥാനത്തെ പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ ആദ്യപട്ടിക പുറത്തിറങ്ങി. കൂടുതല്‍ പേരുടെ സ്ഥലം മാറ്റ ഉത്തരവ് ഉടന്‍ ഇറങ്ങും. എസ്.ഐമാരുടെ സ്ഥലം മാറ്റവും ഇറങ്ങിയിട്ടുണ്ട്. ഈ മാസം 31നകം പൊലീസ് ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കിയിരുന്നു. കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിനെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കാസര്‍കോട് യൂണിറ്റില്‍ നിയമിച്ചു. കാസര്‍കോട്ട് എം.എ.സന്തോഷിനെ ഇന്‍സ്പെക്ടറായി നിയമിച്ചു.
ഹൊസ്ദുര്‍ഗ്ഗില്‍ എം.പി ആസാദിനെയും നീലേശ്വരത്ത് ശ്രീഹരി കെ.പിയെയും വിദ്യാനഗറില്‍ ബിജോയ് എം.എയെയും ചിറ്റാരിക്കാലില്‍ വിനീഷ് കുമാറിനെയും നിയമിച്ചു. മേല്പറമ്പില് നിന്നു ടി.ഉത്തംദാസിനെ കാസര്‍കോട് വിജിലന്സിലേയ്ക്കും മാറ്റി നിയമിച്ചു. ഷാജി പട്ടേരിയാണ് പുതിയ മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍. കുമ്പളയില്‍ എം.എ.ബിജോയിയെയും മാറ്റി നിയമിച്ചു.