കാസര്‍കോട് കടപ്പുറത്ത് തലയറ്റ നിലയില്‍ മൃതദേഹം: ദുരൂഹത നീങ്ങിയില്ല, ഊഹാപോഹങ്ങള്‍ പടരുന്നു

കാസര്‍കോട്: കാസര്‍കോട് കടപ്പുറത്ത് തലയറ്റ നിലയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. ഇന്നലെ (ശനി) രാവിലെയാണ് ദുരൂഹസാഹചര്യത്തില്‍ പുരുഷന്റെ മൃതദേഹം കടപ്പുറത്ത് കാണപ്പെട്ടത്. തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വികൃതമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കാലിലെ മാംസങ്ങള്‍ വേര്‍പ്പെട്ട് അസ്ഥികള്‍ പുറത്തേയ്ക്ക് തള്ളിയ നിലയിലാണ്. വിവരമറിഞ്ഞ് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മൂന്നു ദിവസത്തിനകം അജ്ഞാത മൃതദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌ക്കരിക്കാനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം മൃതദേഹം കാണപ്പെട്ടതു സംബന്ധിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ പടരുകയാണ്. ഒന്നര മാസത്തെ പഴക്കമാണ് മൃതദേഹത്തിനുള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ ഇത്രയും കാലം മൃതദേഹം കടലില്‍ കൂടി ഒഴുകി നടക്കാന്‍ സാധ്യതയില്ലെന്നു പറയുന്നു. അതിനു മുമ്പു തന്നെ മൃതദേഹം കരയ്ക്കടിയേണ്ടതായിരുന്നു. എന്തുകൊണ്ട് അങ്ങിനെ സംഭവിക്കാതിരുന്നതെന്നതില്‍ ദുരൂഹതയുണ്ട്. മൃതദേഹത്തില്‍ നിന്നു തലമാത്രം വേര്‍പ്പെട്ടതെന്ന കാര്യത്തിലും ദുരൂഹതയുണ്ട്.
മൃതദേഹത്തെ തിരിച്ചറിഞ്ഞാല്‍ മാത്രമേ മരണകാരണങ്ങളിലേയ്ക്ക് ആഴത്തിലുള്ള അന്വേഷണം നടത്താന്‍ കഴിയുകയുള്ളൂവെന്നാണ് പൊലീസിന്റെ നിലപാട്. ജില്ലയിൽ നിന്ന് നേരത്തെ കാണാതായവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page