അതിര്‍ത്തികളില്‍ വ്യാപക ‘കോമ്പിങ് ഓപ്പറേഷന്‍’; 12 ലഹരി മരുന്ന് കേസുകളിലായി 57 വാറന്റ് പ്രതികള്‍ പിടിയില്‍

കാസര്‍കോട്: ലഹരി മാഫിയകള്‍ക്കുമെതിരെ ശക്തമായ നടപടികളുമായി കാസര്‍കോട് പൊലീസ്. ശനിയാഴ്ച ജില്ലയില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ 57 വാറന്റ് പ്രതികള്‍ പിടിയിലായി. സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് 14 പ്രധാന പോയിന്റുകളില്‍ പൂര്‍ണ്ണമായും അതിര്‍ത്തികള്‍ അടച്ചുപൂട്ടിയായിരുന്നു പരിശോധന നടന്നത്. സംശയാസ്പദമായ വാഹനങ്ങളെ നിരീക്ഷിക്കാന്‍ 49 മൊബൈല്‍ പട്രോളിങ് യൂണിറ്റുകളെയും നിയോഗിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. 1,900-ലധികം വാഹനങ്ങള്‍ പരിശോധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 336 വാഹനങ്ങളും പൊലീസ് സംഘം അരിച്ചുപെറുക്കി. വിവിധ സ്റ്റേഷന്‍ പരിധികളിലെ 52 ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പൊലീസ് നേരിട്ടെത്തി പരിശോധന നടത്തി. വര്‍ഷങ്ങളായി നിയമപാലകരെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന 7 വാറന്റ് പ്രതികളെയും, ജാമ്യമില്ലാ വാറന്റ് നിലവിലുണ്ടായിരുന്ന 50 പ്രതികളെയും കോമ്പിങ് ഓപ്പറേഷനിലൂടെ പൊലീസ് വലയിലാക്കി. കൂടാതെ ഗുണ്ടാ നിയമ പ്രകാരം നിരീക്ഷണത്തിലുള്ള 9 വ്യക്തികളുടെ വീടുകളിലും പൊലീസ് നേരിട്ടെത്തി പരിശോധന നടത്തി. മുന്‍കാല കുറ്റവാളികളും സാമൂഹിക വിരുദ്ധരുമായ 25 പേരെ പരിശോധിക്കുകയും ചെയ്തു. ഓപ്പറേഷനില്‍ ആകെ 12 ലഹരി മരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ചന്തേര സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം 5 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 42 പേര്‍ക്കെതിരെ കേസെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് ചോദ്യം ചെയ്ത 80 പേര്‍ക്കെതിരെയും, മറ്റ് പ്രാദേശിക നിയമലംഘനങ്ങള്‍ക്ക് 46 പേര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു. വരും ദിവസങ്ങളിലും കുറ്റവാളികളെയും ലഹരി മാഫിയകളെയും അടിച്ചമര്‍ത്താന്‍ ഇത്തരം കര്‍ശനമായ മിന്നല്‍ പരിശോധനകള്‍ തുടരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page