അധികാര വടംവലിയെന്ന് സൂചന; എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

കാസർകോട്: പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെച്ചു. മുസ്ലിംലീഗിലെ ഡോ. ജഹനാസ് അൻസാർ ആണ് രാജിവെച്ചത്‌. പകരം പത്താം വാർഡ് ലീഗ് മെമ്പർ റംല വൈസ് പ്രസിഡന്റായേക്കും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ജഹനാസിന്റെയും റംലയുടെയും പേര് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഇതിനെത്തുടർന്ന് ലീഗ് നേതൃത്വം രണ്ടര വർഷം വീതം രണ്ടുപേരെയും വൈസ് പ്രസിഡന്റാക്കാമെന്ന് ഉറപ്പു കൊടുത്തിരുന്നതായി ഒരു വിഭാഗം ലീഗ് പ്രവർത്തകർ പറഞ്ഞു. എന്നാൽ, രണ്ടര കൊല്ലം കഴിഞ്ഞിട്ടും അധികാരമാറ്റം ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് റംല പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വെച്ച് സെക്രട്ടറിക്ക് കത്ത് കൊടുത്തു. രാജിക്കത്ത് നിശ്ചിത മാതൃകയിൽ നൽകണമെന്ന് സെക്രട്ടറി റംലയോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പത്താം വാർഡിൽ നിന്നും ലീഗ് മെമ്പറായ റംലയ്ക്ക് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയായ ബിജെപി അംഗത്തേക്കാൾ 30 വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി ജയിച്ചേക്കുമോ എന്ന ആശങ്കയെത്തുടർന്ന് ലീഗ് നേതൃത്വം റംലക്ക് വഴങ്ങുകയായിരുന്നുവെന്നു പറയുന്നു.
ഇതിനെത്തുടർന്നാണ് ജഹനാസ് രാജി വെച്ചതെന്നു സംസാരം ഉണ്ട്. 17 അംഗ പഞ്ചായത്തിൽ കോൺഗ്രസിന് അഞ്ചും ലീഗിന് മൂന്നും അംഗങ്ങളാണുള്ളത്. ബിജെപിക്ക് അഞ്ചും സിപിഎമ്മിനും സിപിഐയ്ക്ക് രണ്ടുവീതവും അംഗങ്ങളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page