കാസർകോട്:ജില്ലയില്‍ കടലാക്രമണം രൂക്ഷമാവുന്നു. മൊഗ്രാല്‍ പുത്തൂര്‍ കാവുഗോളി കടപ്പുറത്ത് തിരമാലകള്‍ 200 മീറ്ററോളം കരയിലേക്ക് അടിച്ചുകയറുന്നു. ഇതു പ്രദേശത്ത് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏത് നിമിഷവും തീരദേശ റോഡ് കടലെടുക്കുന്ന അവസ്ഥയിലാണ്. സമാനമായ അവസ്ഥ ചേരങ്കൈ കടപ്പുറത്തുമുണ്ട്. ഇവിടെ കടലേറ്റം നിരവധി വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്.
മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിലും കടലാക്രമണംഅനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇവിടങ്ങളില്‍ കടലെടുത്ത റോഡുകള്‍ ഇനിയും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കടലാക്രമണം ദുരിതം വിതക്കുന്നത്. കുമ്പള പെര്‍വാഡ്, നാങ്കി കടപ്പുറം, കീഴൂര്‍, ചെമ്പരിക്ക, ഉദുമ, തൃക്കണ്ണാട് തുടങ്ങിയ തീരപ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്നു.
കാസര്‍കോട് ജില്ലയിലെ തീരമേഖലയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി രൂക്ഷമായ കടലാക്രമണം ഉണ്ടാവുന്നുണ്ട്. ഇതില്‍ ജീവന്‍ നഷ്ടപ്പെട്ടവരും,വീടുകള്‍ നഷ്ടപ്പെട്ടവരു മുണ്ട്,ഒപ്പം സ്ഥലം നഷ്ടപ്പെട്ടവര്‍, ഉപജീവനമാര്‍ഗമായ വലയും വള്ളവും നഷ്ടപ്പെട്ടവര്‍ ഏറെയാണ്. കടലാക്രമണം നേരിടാന്‍ ശാശ്വതമായ പരിഹാരം എന്ന നിലയില്‍ തീരദേശവാസികള്‍ ശാസ്ത്രീയമായ ‘ടെട്രോപോഡ്” കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു വരുന്നുണ്ടെങ്കിലും അധികൃതര്‍ ചെവികൊണ്ടിട്ടില്ല. കഴിഞ്ഞവര്‍ഷം സന്നദ്ധ സംഘടനകള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ചെറുകിട ജലസേചന വകുപ്പ് തീരദേശങ്ങളില്‍ ടെട്രോപോഡ് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ഇപ്പോഴും കടല്‍ക്ഷോഭത്തെ നേരിടാന്‍ കരിങ്കല്ല് കൊണ്ടുള്ള കടല്‍ ഭിത്തി നിര്‍മ്മിക്കാനാണ് അധികൃതര്‍ക്ക് താല്‍പര്യം. ഇത് തീര സംരക്ഷണത്തിന് ഉതകുന്നുമില്ല. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഇത്തരം കടല്‍ ഭിത്തികള്‍ കടലെടുക്കുകയും ചെയ്യുന്നു. ഇതുവഴി കോടികളാണ് വര്‍ഷംതോറും അധികൃതര്‍ കടലില്‍ കളയുന്നത്.
കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ജില്ലാ ഭരണകൂടവും പൊലീസും,റവന്യൂ അധികൃതരും, പഞ്ചായത്ത് -മുന്‍സിപ്പാലിറ്റി അധികൃതരും ജനപ്രതിനിധികളും സന്ദര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ, ഈ സന്ദര്‍ശനത്തിനു തിരമാലകളെ തടഞ്ഞു നിര്‍ത്താനോ, തീര സംരക്ഷണത്തിനുള്ള ശാശ്വതമായ നടപടികള്‍ക്കോ സഹായമാവുന്നില്ലെന്നിരിക്കേ, വര്‍ഷത്താല്‍ കഴിക്കുന്ന സന്ദര്‍ശനം എന്തിനാണെന്നു തീരദേശവാസികള്‍ ചോദിക്കുന്നു.







