കാണാതായ മകനെ കണ്ടുകിട്ടിയ സന്തോഷത്തില്‍ പൊലീസിന് നന്ദി പറഞ്ഞ് പിതാവ് അബ്ദുല്‍സലാം

കാസര്‍കോട്: കാണാതായ പ്രിയ മകനെ കണ്ടുകിട്ടിയ സന്തോഷത്തിലാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്‍ സലാം. ഒരാഴ്ച മുമ്പാണ് മാനസീക അസ്വസ്ഥ്യമുള്ള മകന്‍ മുഹമ്മദ് റഫീഖ് ആരുമറിയാതെ വീട് വിട്ടുപോയത്. ഇതേതുടര്‍ന്ന് സലാം മണ്ണാര്‍ക്കാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് മുഹമ്മദ് റഫീഖ് കാസര്‍കോട് എത്തിയത്. റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്നത് കണ്ട്രോള്‍ റൂം നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജീവ് കുമാറിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഉടന്‍ തന്നെ മുഹമ്മദ് റഫീഖിനെ ട്രാക്കില്‍ നിന്നും ട്രെയിന്‍ അപകടത്തില്‍പെടാതെ രക്ഷപെടുത്തി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയും ചെയ്തു. എസ്.എച്ച്.ഒ പി അജിത്ത് കുമാറിന്റെ നിര്‍ദേശ പ്രകാരം ജനമൈത്രി പൊലീസ് വിവരം മണ്ണാര്‍ക്കാട് പൊലീസിന് കൈമാറി. പൊലീസ് യുവാവിനെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയിലാണ് കണ്ടെത്തിയതായുള്ള വിവരം പാലക്കാട്ട് എത്തിയത്. ഇക്കാര്യം മണ്ണാര്‍ക്കാട് പൊലീസ് റഫീഖിന്റെ പിതാവിനെ അറിയിച്ചു. അപ്പോള്‍ തന്നെ ബന്ധുക്കളെയും കൂട്ടി സലാം കാസര്‍കോട്ടെക്ക് തിരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ സ്റ്റേഷനില്‍ ഹാജരായി മകനെ ഏറ്റു വാങ്ങി പൊലീസിന്റെ സാന്നിധ്യത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. കാസര്‍കോട് പൊലീസിന്റെ ഈ സല്‍പ്രവര്‍ത്തിക്കു പിതാവ് എല്ലാവരോടുമുള്ള കടപ്പാട് നേരിട്ട് അറിയിച്ചു. ശേഷം പിതാവിന്റെ കൂടെ റഫീഖ് സ്വദേശത്തേക്ക് പോയി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page