കുമ്പളയില്‍ ഗൃഹനാഥനെയും കുടുംബത്തേയും കെട്ടിയിട്ട് 42 പവനും കാല്‍ലക്ഷം രൂപയും കൊള്ളയടിച്ച കേസ്; ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട്: ഗൃഹനാഥനെയും കുടുംബത്തെയും കെട്ടിയിട്ട് 42 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശിയായ സംബ്യ അസീസ് എന്ന അബ്ദുല്‍ അസീസി(58)നെയാണ് ഇന്ന് (വ്യാഴം) രാവിലെ പുത്തൂരില്‍ വച്ച് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ് .പി പി മധുസൂദനന്‍ നായരും സംഘവും അറസ്റ്റു ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, സഞ്ജയ്, എസ് ഐ മാരായ രവീന്ദ്രന്‍, പ്രമോദ്, വിനോദ് പൊലീസുകാരായ ഗോപന്‍, രാജീവന്‍, രാജേഷ് മടിക്കൈ, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവരും ക്രൈംബ്രാഞ്ച് സംഘത്തില്‍ ഉണ്ടായിരുന്നു.2012 ഡിസംബര്‍ 22ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. കുമ്പള, അനില്‍ കുംബ്ലെ റോഡിലെ താമസക്കാരനും മംഗളൂരുവില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്ററുമായ രാജേഷ് ഷേണായി (44)യുടെ വീട്ടിലാണ് കൊള്ള നടന്നത്. സംഭവ ദിവസം രാത്രി 7.45 മണിയോടെ മുഖംമൂടി ധരിച്ചെത്തിയ സംഘം വാതില്‍ തള്ളിതുറന്ന് വീട്ടിനു അകത്തേയ്ക്ക് കയറി രാജേഷ് ഷേണായിയേയും കുടുംബത്തേയും ആയുധങ്ങൾ കാണിച്ച് ബന്ദികളാക്കിയ ശേഷം സ്വര്‍ണ്ണവും പണവും നല്‍കാന്‍ ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോള്‍ രാജേഷ് ഷേണായിയുടെ മുഖത്തേയ്ക്ക് ഏതോ ദ്രാവകം സ്‌പ്രേ ചെയ്തു. ഇതോടെ അദ്ദേഹം ബോധരഹിതനായി. അതിനു ശേഷം വീട്ടില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളുടെ കൈകള്‍ പിന്നിലാക്കി കെട്ടുകയും വായ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. അതിനു ശേഷം ഓരോരുത്തരും അണിഞ്ഞിരുന്ന ആഭരണങ്ങളും ഊരിയെടുത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും കൈക്കലാക്കിയാണ് സംഘം രക്ഷപ്പെട്ടത്. കുടുംബസുഹൃത്തായ ഡോ.വാണി തന്റെ വീടിന്റെ ഗൃഹപ്രവേശന കര്‍മ്മത്തിലേയ്ക്ക് ഷണിക്കാന്‍ രാത്രി 9 മണിയോടെ രാജേഷ് ഷേണായിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കേസില്‍ 10 പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തു. മറ്റു നാലു പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ഇവരില്‍ പ്രധാനിയാണ് ഇന്ന് അറസ്റ്റിലായ അസീസെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page