പയ്യന്നൂര്‍: പയ്യന്നൂര്‍ എം എല്‍ എ വി . കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ മുന്‍ സി പി എം നേതാവ് ടി. പുരുഷോത്തമന്‍ ചെമ്മീന്‍ കൃഷി നടത്തുന്ന സ്ഥലത്തെ ഷെഡിനു തീയിട്ടു. ഇന്നലെ (ബുധന്‍) അര്‍ദ്ധരാത്രിക്കു ശേഷമാണ് തീയിട്ടത്. ഇന്നു രാവിലെ ചെമ്മീന് തീറ്റ കൊടുക്കാന്‍ എത്തിയപ്പോഴാണ് ഷെഡ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തീറ്റ, അനുബന്ധ സാധനങ്ങള്‍ ,കട്ടില്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു.
തീവെയ്പിനു പിന്നില്‍ മുന്‍ എം എല്‍ എയും സി പി എം നേതാവുമായ ടി ഐ മധുസൂദനനാണെന്നു പുരുഷോത്തമന്‍ ആരോപിച്ചു.ഏതോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നു സംശയിക്കുന്നതായും ചെമ്മീന്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിനായി ദ്രാവക രൂപത്തിലുള്ള ഏതോ വസ്തുക്കള്‍ കലര്‍ത്തിയെന്ന് സംശയിക്കുന്നതായും പുരുഷോത്തമന്‍ ആരോപിച്ചു.
വിവരമറിഞ്ഞ് പി. കുഞ്ഞികൃഷ്ണന്‍ എം എല്‍ എ സ്ഥലത്തെത്തി. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ഫാസിസ്റ്റ് രീതിയാണ് പയ്യന്നൂരില്‍ നടക്കുന്നതെന്നു എം എല്‍ എ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുരുഷോത്തമന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിന്റെ വിരോധത്തില്‍ പുരുഷോത്തമന്റെ വീടിനും കാറിനും നേരെ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ അഞ്ചു സി പി എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു – എം എൽ എ പറഞ്ഞു.







