നടി പ്രവീണയുടെ ചിത്രങ്ങള്‍ വീണ്ടും മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചു; 24 കാരനായ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: സിനിമ -സീരിയല്‍ നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ ആക്കി പ്രചരിപ്പിച്ചു. സൈബര്‍ ആക്രമണത്തില്‍ പ്രതി പിടിയില്‍. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ഡൽഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ് (24) അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. അന്ന് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ജാമ്യത്തില്‍ പോയശേഷവും ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും തന്‍റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി പ്രവീണ പരാതി ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയെ ഇപ്പോള്‍ വീണ്ടും പിടികൂടിയത്. അന്വേഷണ സംഘം ഡൽഹിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സിഐ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫിസർ സുബീഷ് എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്.
കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂമെന്നും എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിച്ചിരുന്നു. സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page