ഭർത്താവിന്റെ ക്രൂര പീഡനം; സഹികെട്ട ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു; മദ്യപിച്ച് ഛർദ്ദിച്ച് മരിച്ചെന്ന് യുവതി; കൊലപാതകം വ്യക്തമായത് പോസ്റ്റ്മോർട്ടത്തിലൂടെ

മംഗളൂരു: ക്രൂര പീഡനം സഹിക്കവയ്യാതെ യുവതി ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു നന്തൂരുവിലാണ് ദാരുണമായ സംഭവം നടന്നത്. ഹനുമന്തപ്പയാണ് ജനുവരി 10ന് രാത്രി കൊല്ലപ്പെട്ടത്. ഭാര്യ ഗീത അറസ്റ്റിലായി. അമിത മദ്യപാനിയായിരുന്ന ഹനുമന്തപ്പ ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നു. ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 10ന് രാത്രി ഹനുമന്തപ്പ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങിയ ശേഷം ഭാര്യയുമായി വീണ്ടും വഴക്കുണ്ടാക്കിയിരുന്നു. തർക്കത്തിനിടെ ഭാര്യ ഗീത മുണ്ടുകൊണ്ട് കഴുത്തിൽ പിടിച്ച് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം പുലർന്നതോടെ സംസാരശേഷിയില്ലാത്ത സഹോദരനെ വിളിച്ച് ഭർത്താവ് അവശതയിലാണെന്ന് അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായ മദ്യപാനമോ മറ്റെന്തെങ്കിലും അസുഖമോ കാരണമാകാം മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ കാരണം അറിയിച്ചു ഗീത പൊലീസിൽ പരാതി നൽകിയിരുന്നു. പുലർച്ചെ രണ്ട് മണിക്ക് പരിശോധിച്ചപ്പോൾ അമിതമായി മദ്യപിച്ചിരുന്ന ഹനുമന്തപ്പ സമീപത്തുണ്ടായിരുന്നില്ലെന്നാണ് പരാതിയിൽ പറഞ്ഞത്. പുറത്തേക്ക് നോക്കിയപ്പോൾ ഗേറ്റിന് സമീപം ഛർദ്ദിക്കുന്നതും ഒന്നും മിണ്ടാതിരിക്കുന്നതും കണ്ട് ഞാൻ സഹോദരനെ വിളിച്ച് വിവരം അറിയിച്ചുവെന്നും അവർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് പരാതിയിൽ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം കഴിഞ്ഞതോടെയാണ് ഹനുമന്തപ്പയുടെ മരണം കൊലപാതകം ആണെന്ന് തെളിയുന്നത്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗീതയെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഹനുമന്തപ്പയെ കൊന്നതാണെന്ന് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page