കാസർകോട്: കാസർകോട് പുതിയ ബസ് സ്റ്റാൻഡിലേ ടോയ്‌ലറ്റ് മാലിന്യം പൊതുസ്ഥലത്തേക്ക് വർഷങ്ങളായി ഒഴുക്കി വിടുന്നത് മൂലം ദുസ്സഹമായ ദുരിതത്തിനു അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമാവുന്നു. ആയിരക്കണക്കിന് യാത്രക്കാരും ജീവനക്കാരും നിത്യവും വന്നുപോകുന്ന ഇവിടെ, കക്കൂസ് ടാങ്ക് ബ്ലോക്കായതിനെ തുടർന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ദുർഗന്ധത്തിനും കാരണമാകുന്നു.
തുടർച്ചയായ പരാതികളെത്തുടർന്ന് ബി.എം.എസ് അടക്കമുള്ള സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും എത്രയും വേഗം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പ്രതിഷേധത്തിന് ബി.എം.എസ് ടൗൺ കമ്മിറ്റി പ്രസിഡന്റ് എ. കേശവ, ഓട്ടോറിക്ഷ മസ്ദൂർ സംഘം ടൗൺ പ്രസിഡന്റ് ഉമേഷ് എസ്.കെ, പ്രസാദ്, ജയപ്രകാശ്, മുൻ കൗൺസിലർ പി. രമേഷ്, കൗൺസിലർമാരായ രവി , ഹരീഷ് കെ.ആർ, ഗുരുപ്രസാദ്, ദിവ്യ നേതൃത്വം നൽകി.
ഓട്ടോറിക്ഷാ-ടാക്സി ഡ്രൈവർമാരും വ്യാപാരികളും യാത്രക്കാരും ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ഈ ദുരിതത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാൻ നഗരസഭ സത്വര നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് ടൗൺ കമ്മിറ്റിയും പൊതുജനങ്ങളും ആവശ്യപ്പെട്ടു.







