കാസര്‍കോട്: പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിച്ചതിനു പിന്നാലെ സ്‌കൂളുകളില്‍ റാഗിംഗ് വ്യാപകമാകുന്നു. കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും എടനീര്‍ ഗവ. ഹയര്‍സെണ്ടറി സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും ക്രൂരമായ അക്രമത്തിനു ഇരയായതിനു പിന്നാലെ ബെള്ളൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലും റാഗിംഗ്.
ബെളിഞ്ച സ്വദേശിയും ബെള്ളൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ 16കാരനാണ് ഇന്ന് (വ്യാഴം) രാവിലെ അക്രമത്തിനു ഇരയായത്. ഷര്‍ട്ടിന്റെ മുകളിലത്തെ ബട്ടന്‍ ഇട്ടില്ലെന്നു പറഞ്ഞ് നാലോളം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ചവിട്ടുകയും അടിക്കുകയും ചെയ്തത്. അക്രമത്തിനു ഇരയായ വിദ്യാര്‍ത്ഥിയെ മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അക്രമം സംബന്ധിച്ച് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥിയും ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയും ബെള്ളൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ -പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ബസിനകത്തു വച്ച് സംഘട്ടനം ഉണ്ടായിരുന്നു. ഇന്നലെ (ബുധന്‍) വീണ്ടും പ്രശ്‌നത്തിനു സാധ്യത ഉണ്ടെന്ന സൂചനകളെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കു അവധി നല്‍കിയിരുന്നു. പ്രശ്‌നത്തെ കുറിച്ച് ഇന്ന് പി ടി എ മീറ്റിംഗ് ചേരാനുള്ള ഒരുങ്ങള്‍ക്കിടയിലാണ് പ്ലസ് വിദ്യാര്‍ത്ഥി അക്രമത്തിനു ഇരയായത്.
എടനീര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ അക്രമത്തിനു ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ 20 പേര്‍ക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി കൈപിടിച്ചു തിരിക്കുകയും തള്ളിയിട്ട് ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഒളയം സ്വദേശി ഇന്നലെ വൈകിട്ടാണ് അക്രമത്തിനു ഇരയായത്. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്നെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ താക്കോല്‍ കൊണ്ട് കുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ക്ലാസ് നടക്കുന്ന സമയത്ത് പുറത്തേയ്ക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാത്ത വിരോധമാണ് അക്രമത്തിനു ഇടയാക്കിയതെന്നു പറയുന്നു.







