യക്ഷഗാന കലാക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ താളമദ്ദളം: കെട്ടിടം കാടുകയറി, യക്ഷഗാന കലാകാരൻമാർ മുറവിളിയിൽ


കുമ്പള: കർണാടകത്തിലെ തീരദേശ ജില്ലകളിലും, കേരളത്തിലെ കാസർകോട് ജില്ലയിലും പ്രചാരണത്തിലുള്ള തനത് കലാരൂപമായ യക്ഷഗാനത്തിന്റെ സംരക്ഷണത്തിന് അധികൃതർ കൊട്ടിഘോഷിച്ചു ഏർപ്പെടുത്തിയ യക്ഷഗാന കലാകേന്ദ്രത്തിൽ സാമൂഹ്യ വിരുദ്ധർ തമ്പടിച്ചു.ഇക്കൂട്ടരുടെ പാട്ടും കൂത്തും താള മദ്ദളവും കൊണ്ട് കാടുമൂടി തകർച്ചയുടെ വക്കിലെത്തിയ കെട്ടിടം പ്രകമ്പനം കൊള്ളുന്നു. പുനരുദ്ധാരണപ്രവർത്തനങ്ങൾ ഉടൻ വേണമെന്ന ആവശ്യവുമായി കുമ്പളയിലെ പ്രാദേശിക കലാകാരന്മാരും, സാംസ്കാരിക പ്രവർത്തകരും രംഗത്തിറങ്ങുന്നു.

കുമ്പള മുജംഗാവി ലുള്ള പാർഥി സുബ്ബ യക്ഷഗാന കാലാക്ഷേത്രം(അക്കാദമി) 2013ൽ കുമ്പളയിൽ സ്ഥാപിച്ചുവെങ്കിലും അതിന്റെ സംരക്ഷണത്തിനും, പുനരുദ്ധാരണത്തിനും നടപടിയില്ലാത്തത് മൂലം ദീർഘകാലമായി കെട്ടിടം അവഗണന നേരിടുകയാണ്. കലാക്ഷേത്ര നിർമ്മാണം പൂർണ്ണസ്ഥിതിയിലാക്കാതെയാണ് അന്ന് തുറന്നു കൊടുത്തത്.പിന്നീട് പദ്ധതികൾ ഒന്നുമില്ലാത്തത് കുമ്പളയിലെ ഈ സാംസ്കാരിക കേന്ദ്രം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാക്കി .ഇപ്പോൾ കെട്ടിടം കാട് മൂടി നാശത്തിന്റെ വക്കിലാണ്. രാത്രികാലങ്ങളിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറിക്കഴിഞ്ഞു.

400-ഓളം വർഷത്തെ ചരിത്രമുള്ളപരമ്പരാഗത കലാരൂപമാണ് യക്ഷഗാനം.പുരാണ കഥകളെ ആസ്പദമാക്കി രാത്രി മുഴുവൻ തുറന്ന വേദികളിൽ അവതരിപ്പിക്കുന്നുവെന്നതാണ് ഈ കലാരൂപത്തിന്റെ പ്രത്യേകത. പതിനൊന്നാം നൂറ്റാണ്ടിനും,പതിനാറാം നൂറ്റാണ്ടിനുമിടയിലാണ് യക്ഷഗാനത്തിന്റെ ഉത്ഭവമെന്ന് പറയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഉടുപ്പിയിലെ നരഹരി തീർതഥ എന്ന സന്യാസിയാണ് “ദശാവതാരം” അവതരണം ഈ കലാരൂപത്തിലൂടെ ആദ്യമായി നിര്വഹിച്ച തെന്ന് വിശ്വസിക്കുന്നു. ദേവ സംഗീതമെന്ന അർത്ഥത്തിലാണ് യക്ഷഗാന കലാരൂപം ജനമനസ്സുകളിൽ ഉറച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

1590-1620 കാലഘട്ടത്തിൽ രചിക്കപ്പെട്ട രാമായണമാണ് യക്ഷഗാനത്തിലെ പ്രധാന നാഴികക്കല്ല്.പിന്നെ മഹാഭാരതവും, ഭാഗവതവും. കുമ്പളയിലെ പാർഥി സുബ്ബൻ രചിച്ച കൃതികളിൽ രാമനാട്ടത്തിന്റെ സ്വാധീനം പ്രകടമാണെന്നു കലാസ്വാദകർ അനുസ്മരിക്കുന്നു. കർണാടകയിലും, കേരളത്തിലും വിവിധ ശൈലികളിലാണ് യക്ഷഗാനം അവതരിപ്പിക്കുന്നത്. നന്മയുടെ വിജയവും, തിന്മയുടെ പരാജയവുമാണ് യക്ഷഗാനത്തിലൂടെ കാണിക്കുന്നത്.ഈ ചരിത്ര പശ്ചാത്തലമുള്ള കലാരൂപമാണ് സംരക്ഷിക്കാനാ ളില്ലാതെ അവഗണന നേരിടുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യക്ഷഗാന അക്കാദമി പുനരുദ്ധാരണത്തിനായി കലാകാരന്മാരും, സാംസ്കാരിക പ്രവർത്തകരും അധികൃതരെ സമീപിച്ച് നിവേദനങ്ങൾ നൽകി വരുന്നുണ്ട്.കഴിഞ്ഞ സർക്കാറിന്റെ ഒട്ടുമിക്ക അദാലത്തുകളിലും ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിച്ചതുമാണ്. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാറിന്റെ അവസാന നാളുകളിൽ കലാക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി 2 ലക്ഷം രൂപ സർക്കാർ വകവരുത്തിയിരുന്നുവെങ്കിലും അതും നടക്കാതെ പോയി. ഇപ്പോൾ പുതിയ സർക്കാർ വന്നതോടെ സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണു നാഥിന് കുമ്പളയുമായി അടുത്ത ബന്ധം ഉള്ളതുകൊണ്ട് തന്നെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് കലാക്ഷേത്ര പുനരുദ്ധാരണത്തിന് സർക്കാറിന് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചാൽ തുളു നാടിന്റെ തനത് കലയായ യക്ഷഗാനത്തെയും, പാർഥി സുബ്ബന്റെ പൈതൃകത്തെയും സംരക്ഷിക്കാൻ കഴിയുമെന്ന് പ്രാദേശിക കലാകാരന്മാരും, സാംസ്കാരിക പ്രവർത്തകരും കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page