കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കന്‍കുന്ന് ഉന്നതിയിലെ ആസിഫിനെയും മാതാവിനെയും വെട്ടി കൊല്ലാൻ ശ്രമിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍. മൈലാട്ടിയിലെ ഉദയ (39)നെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. മറ്റു രണ്ടു പ്രതികളായ ശശി, രതീഷ് എന്നിവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജൂണ്‍ 28ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ചൊല്ലി കുറുക്കന്‍ കുന്ന് ഉന്നതിയിലെ ആസിഫിനെ വീട്ടിനു മുന്നില്‍ വച്ച് മൂന്നംഗ സംഘം തലയ്ക്ക് മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചുവെന്നാണ് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.ആസിഫിന്റെ നിലവിളി കേട്ടെത്തിയ മാതാവ് നസീമയ്ക്കും വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ദിവസങ്ങളോളം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.








