ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍

ബംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 24 കാരനായ ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു റൂറല്‍ ജില്ലയിലെ ദബാസ്‌പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടി സ്ഥിരമായി ഒരു സ്വകാര്യ ബസിലാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ബസിലെ ക്ലീനറുമായി കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആനന്ദ് എന്ന യുവാവാണ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബംഗളൂരുവിലെ യെലഹങ്കയിലെ വാടക വീട്ടിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു. 2021 ല്‍ ബൈദരഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി ജയിലില്‍ കഴിഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യുവാവ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വലയില്‍ വീഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page