കൈ വെട്ട് കേസ്; സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരും കുടുങ്ങും; പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം

കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളേജിലെപ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എന്‍.ഐ.എ നീക്കം തുടങ്ങി. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍.ഐ.എ അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തില്‍ കസ്റ്റഡിയില്‍ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജനുവരി 24 വരെ റിമാന്റിലാണ് സവാദ്. ഇയാളിപ്പോള്‍ എറണാകുളം സബ് ജയിലിലാണ് തടവില്‍ കഴിയുന്നത്. പ്രതിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം എന്‍ഐഎ ഇന്ത്യയിലും വിദേശത്തും വ്യാപകമായി തിരച്ചില്‍ നടത്തുമ്പോള്‍, ഇരിട്ടിയിലും മട്ടന്നൂരിലുമായി വര്‍ഷങ്ങളോളം സവാദ് ഒളിച്ചു താമസിച്ചതു വന്‍ ഇന്റലിജന്‍സ് വീഴ്ചയാണെന്നു ആരോപണമുയര്‍ന്നു. വര്‍ഷങ്ങളോളം ഇരിട്ടിയിലും മട്ടന്നൂരിലുമുണ്ടായിരുന്നുവെന്നതിനു വ്യക്തമായ തെളിവുണ്ട്. കേന്ദ്ര ഏജന്‍സികളുടെ കേസുകളില്‍ നാട്ടില്‍ ഒളിച്ചു കഴിയുന്ന പ്രതികളെ കണ്ടെത്തേണ്ട നിയമപരമായ ബാധ്യത കേരള പൊലിസിനുണ്ട്. ഇയാള്‍ ഏതെങ്കിലും സംഘടനയുടെ ക്യാംപുകളിലോ യോഗങ്ങളിലോ പങ്കെടുത്തിട്ടുണ്ടോയെന്നു വ്യക്തമല്ല. ഒളിവു ജീവിതത്തിന്, സവാദിനു വലിയ പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. ഒളിവിടം ഒരുക്കാനും താമസം മാറ്റാനും സഹായിക്കുന്നവര്‍ എന്നിവരിലേക്കും ഇനി എന്‍ഐഎ അന്വേഷണം നീങ്ങും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page