അനാശാസ്യ പ്രവൃത്തിക്ക് സമ്മതിച്ചില്ല; വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന കാസര്‍കോട് സ്വദേശിക്ക് ജീവപര്യന്തം തടവ്

കോഴിക്കോട്: അനാശാസ്യ പ്രവൃത്തിക്ക് തയ്യാറാകാത്ത 13 വയസ്സുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ചുമത്തി. ബോവിക്കാനം മൂലടുക്കം സ്വദേശി ഷംസുദ്ദീനെയാണ് (39) കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി അധിക തടവ് അനുഭവിക്കണം. 2017-ലാണ് കേസിനാസ്പദമായ സംഭവം. മടവൂര്‍ സി.എം. സെന്ററിന് കീഴിലുള്ള ദവാകോളേജിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി അബ്ദുള്‍ മജിദാണ് കോളേജ് കോമ്പൗണ്ടില്‍ വെച്ച് കുത്തേറ്റുമരിച്ചത്. സിഎം സെന്ററില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം ജൂനിയര്‍ ദവ കോളേജില്‍ ശരീയത്ത് പഠനവും നടത്തുകയായിരുന്നു മജിദ്. കൊലപാതകം നടക്കുന്നതിന് ആറുമാസം മുമ്പാണ് ശംസുദ്ദീന്‍ നാടുവിട്ട് കോഴിക്കോട് എത്തിയത്.
അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ശംസുദ്ദീന്‍ ഒരു മാസത്തിലേറെ കോഴിക്കോട് മടവൂര്‍ മഖാമിനടുത്തുള്ള കടവരാന്തയിലും മറ്റുമാണ് അന്തിയുറങ്ങിയത്. ജുലൈ 14 വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ ഏഴു വരെയുള്ള മദ്രസാ പഠനം കഴിഞ്ഞ് മറ്റു കുട്ടികളോടൊപ്പം നില്‍ക്കുമ്പോഴാണ് മാജിദിനെ കാസര്‍കോട് മുളിയാര്‍ സ്വദേശി ഷംസുദ്ദീന്‍ കുത്തി പരിക്കേല്‍പ്പിച്ചത്. അതിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പിടികൂടി കുന്നമംഗലം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാജിദിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വയറിന് മുകളില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. ഇതേ സ്ഥാപനത്തിലെ മറ്റ് രണ്ടുകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിലും ഷംസുദ്ദീനെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സുനില്‍ കുമാര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page