വയോധികരായ ദമ്പതികളെ ആക്രമിച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി; വീട്ടിലെ 8 പവന്‍ ആഭരണം കവര്‍ന്നു; കവര്‍ച്ചക്കെത്തിയത് മുഖംമൂടി ധരിച്ച മൂന്നംഗ സംഘം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: മുഖംമൂടി സംഘം വയോധികരായ ദമ്പതികളെ മര്‍ദ്ദിച്ച ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി 8 പവന്‍ ആഭരണം കവര്‍ന്നു. കാസര്‍കോട് പരവനടുക്കം കൈന്താറില്‍ ശനിയാഴ്ച പുലര്‍ച്ചേയാണ് സംഭവം. കോടോത്ത് വളപ്പില്‍ താമസിക്കുന്ന കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍(78), ഭാര്യ തങ്കമണി(70) എന്നിവരാണ് അക്രമത്തിനിരയായത്. പുലര്‍ച്ചേ രണ്ടരയോടെ വീട്ടിലെത്തിയ കവര്‍ച്ചാ സംഘം ഇരുവരെയും ആക്രമിക്കുകയും പിന്നീട് കത്തികാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അതിനിടെ അക്രമികളില്‍ ഒരാള്‍ തങ്കമണിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. പിന്നീട് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും സംഘം കവര്‍ന്നു. ഇരുവരെയും തള്ളിയിട്ട ശേഷമാണ് കവര്‍ച്ചാ സംഘം പിന്നീട് വീട് വിട്ടത്. സംഭവം നടന്നശേഷം ഇന്നു രാവിലെയാണ് ഈ വിവരം മൊബൈല്‍ ഫോണിലൂടെ ദമ്പതികള്‍ അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് മേല്‍പറമ്പ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തമിഴും മലയാളവും സംസാരിക്കുന്ന ഒരാളാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയതെന്ന് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പറഞ്ഞു. പ്രദേശത്ത് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ കബഡി ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ നാട്ടുകാര്‍ മിക്കവരും വീടുകളിലുണ്ടായിരുന്നില്ല. ഈ സാഹചര്യം നോക്കി പരിസരം അറിയുന്ന ആളുകളായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും തങ്കമണി തനിച്ചാണ് വീട്ടില്‍ താമസിച്ചുവരുന്നത്. പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തും. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page