ജയ്പൂർ : അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു.സംഗനേറില്‍ നിന്നുള്ള എം.എല്‍.എയായ ഭജൻ ലാല്‍ ശര്‍മയാണ് മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സത്യ പ്രതിജ്ഞാ ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
നേരത്തേ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, എം.എല്‍.എ ബാബ ബാലക്നാഥ്, കേന്ദ്രമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഈ പേരുകളെല്ലാം അസ്ഥാനത്താക്കിയാണ് ബി.ജെ.പിയുടെ പ്രഖ്യാപനം. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ മൂന്ന് സംസ്ഥാനങ്ങളിലും പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുക വഴി മറ്റൊരു രാഷ്ട്രീയ പരീക്ഷണം നടത്തുകയാണ് ബി.ജെ.പി നേതൃത്വം.







