കാസർകോട്: ഉപ്പള വില്ലേജ് വിഭജിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മംഗൽപാടി ജനകീയ വേദി റവന്യു മന്ത്രിക്ക് നിവേദനം നൽകി. നിലവിൽ നാല് വില്ലേജുകൾ അടങ്ങിയതാണ് ഉപ്പള ഗ്രുപ്പ് വില്ലേജ്. ഉപ്പള, മംഗൽപാടി, കൊടിബെയൽ, മുളിഞ്ച എന്നീ വില്ലേജുകൾ ഉൾപ്പെട്ടതാണ് ഉപ്പളഗ്രൂപ്പ് വില്ലേജ്. ഇവിടുത്തെ ജനബാഹുല്യവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ദിവസേന വില്ലേജുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ചു കിട്ടുന്നതിന് ആഴ്ചകളും ദിവസങ്ങളും കാത്തിരിക്കുകയും വില്ലേജ് ഓഫീസ് കയറിയിറങ്ങുകയും ചെയ്യേണ്ട അവസ്ഥയാണുള്ളത്. വില്ലേജ് വിഭജിക്കുകയാണെങ്കിൽ അതിന് കെട്ടിട സംവിധാന മൊരുക്കുന്നതിനുള്ള സർക്കാർ സ്ഥലവും നിലവിലുണ്ട്. വില്ലേജ് വിഭജനം കാലങ്ങളായി ഉയർന്നുവരുന്ന ആവശ്യമാണ്. വർഷങ്ങൾക്കു മുമ്പ് ഇതിനുള്ള നീക്കങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും അത് പിന്നീട് കടലാസിൽ ഒതുങ്ങുകയാണുണ്ടായ ത്. നാഷണൽ ഹൈവേ വികസനം വന്നതോടുകൂടി സ്ഥലസൗകര്യമില്ലാതെ ജനം പൊറുതിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ വില്ലേജ് വിഭജിക്കുക മാത്രമാണ് പരിഹാരമായിട്ടുള്ളതെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനകീയ വേദി നേതാക്കളായ അബു തമാം, സിദ്ദിഖ് കൈകമ്പ, അശാഫ് മൂസക്കുഞ്ഞി,മൊയ്‌നു പൂന,യൂസുഫ് പച്ചിലംപാറ,സത്യൻ സി ഉപ്പള,എന്നിവരാണ് നിവേദനം നൽകിയത്.







