കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്കു പോകാനായി വാഹനം കാത്തു നില്‍ക്കുകയായിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. അക്രമിയുടെ നാഭിക്ക് തൊഴിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത ചന്തേര പൊലീസ് മുന്‍ പ്രവാസിയായ ഇല്യാസ് ഇസ്മയിൽ(34) എന്ന ആളെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ (ചൊവ്വ) വൈകുന്നേരം നാലരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് പോകാനായി വാഹനം കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ അക്രമി പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും കടന്നു പിടിക്കുകയുമായിരുന്നുവത്രെ. പെണ്‍കുട്ടി പ്രതിരോധിച്ചുവെങ്കിലും വീണ്ടും ശല്യം തുടര്‍ന്നത്രെ. ഇതോടെയാണ് പെണ്‍കുട്ടി അക്രമിയുടെ നാഭിക്ക് തൊഴിച്ച് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് അയല്‍പ്പക്കത്തെ വീട്ടില്‍ അഭയം തേടിയത്. പിന്നീട് വീട്ടുകാര്‍ എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ചാണ് അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.







