ഉണങ്ങാനിട്ട അടയ്‌ക്ക മോഷണം പോയി; അബ്‌കാരി കേസ്‌ പ്രതിയടക്കം 2 പേര്‍ അറസ്റ്റില്‍

മുള്ളേരിയ: ഡോക്‌ടറുടെ വീട്ടുമുറ്റത്തു ഉണങ്ങാനിട്ടിരുന്ന 4000 അടയ്‌ക്ക മോഷ്‌ടിച്ച കേസില്‍ അടുത്തിടെ ജയിലില്‍ നിന്നും ഇറങ്ങിയ അബ്‌കാരി കേസ്‌ പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. മുള്ളേരിയ പാറക്കല്ലിലെ റോബിന്‍ (45), മുളിയാര്‍, പേരടുക്കത്തെ ഹരീഷ്‌ കുമാര്‍ (41)എന്നിവരെയാണ്‌ ആദൂര്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. മിനിഞ്ഞാന്നു രാത്രി മുള്ളേരിയയിലെ ഡോ.സുകേഷ്‌ രാജിന്റെ വീട്ടുമുറ്റത്താണ്‌ കവര്‍ച്ച നടന്നത്‌. ഉണങ്ങാനിട്ട അടയ്‌ക്ക മോഷണം പോയ കാര്യം ഇന്നലെ രാവിലെ മനസ്സിലാക്കിയ ഡോക്‌ടര്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ മിനിഞ്ഞാന്നു രാത്രി രണ്ടുപേര്‍ ചാക്കുകെട്ടു ചുമന്നു കൊണ്ടുപോകുന്നതായി ചിലര്‍ കണ്ടിരുന്നതായി കണ്ടെത്തി. റബ്ബറിന്റെ ഒട്ടുപാല്‍ എന്നാണ്‌ ചാക്കിനകത്തു എന്താണെന്നു ചോദിച്ചവര്‍ക്കു മറുപടി നല്‍കിയതെന്നും കണ്ടെത്തി, തുടര്‍ന്ന്‌ റോബിനെയും ഹരീഷ്‌ കുമാറിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. ഇതോടെ ഇരുവരും മോഷണം സമ്മതിക്കുകയും അടയ്‌ക്ക പൊലീസിനു കാണിച്ചു കൊടുക്കുകയും ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌തു. അറസ്റ്റിലായ റോബിനെ നേരത്തെ എക്‌സൈസ്‌ അബ്‌കാരി കേസില്‍ അറസ്റ്റ്‌ ചെയ്‌തിരുന്നു. അടുത്തിടെയാണ്‌ ജയിലില്‍ നിന്നു ഇറങ്ങിയതെന്നു പൊലീസ്‌ പറഞ്ഞു. അടയ്‌ക്കയുടെ വിളവെടുപ്പുകാലം സജീവമായതോടെ അടയ്‌ക്ക മോഷ്‌ടാക്കളും സജീവമായി. വീട്ടുപരിസരങ്ങളിലും മറ്റുമുള്ള സ്ഥലങ്ങളില്‍ ഉണക്കാന്‍ ഇടുന്ന അടയ്‌ക്ക രാത്രിയില്‍ എത്തി മോഷ്‌ടിക്കുന്നതാണ്‌ പതിവ്‌. പലപ്പോഴും ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ മോഷണ വിവരം പുറത്തറിയാറുള്ളൂ. ഇത്‌ മോഷ്‌ടാക്കള്‍ക്ക്‌ ഗുണകരമാകുന്നു.
അടുത്തിടെ ഉണക്കാന്‍ ഇട്ട അടയ്‌ക്ക മോഷണം പോയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ബേഡകത്ത്‌ മോഷ്‌ടാക്കള്‍ക്കെതിരെ നാട്ടുകാരുടെ സഹകരണത്തോടെ ജാഗ്രത തുടങ്ങിയിട്ടുണ്ട്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page