കുഞ്ഞ് ബാധ്യത; ലോഡ്ജില്‍ മുറിയെടുത്തത് കൊലയ്ക്കുവേണ്ടി; കാല്‍മുട്ടുകൊണ്ട് തലക്കിടിച്ച് കൊല; മരിച്ചത് ഉറപ്പാക്കാന്‍ അശ്വതി കുഞ്ഞിന്റെ കാലില്‍ കടിച്ചു; കറുകപ്പള്ളിയില്‍ നടന്നത് ക്രൂരമായ കൊല

കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജ് മുറിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി. കുഞ്ഞിനെ അമ്മയുടെ ആണ്‍സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയതയാണെന്നും ഇയാള്‍ കുറ്റം സമ്മതിച്ചെന്നുമാണ് വിവരം. ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തന്റെ കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ഷാനിഫിന്റെ മൊഴി. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാന്‍ ശരീരത്തില്‍ അശ്വതി കടിച്ചുനോക്കിയെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അശ്വതിക്ക് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊല നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശിയായ ഷാനിഫും ചേര്‍ത്തല സ്വദേശിനിയായ അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്. ഇതിനിടെയാണ് അശ്വതിക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഷാനിഫും അശ്വതിയും ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് പൊലീസ് നല്‍കുന്നവിവരം. കുഞ്ഞിനെ കൊല്ലാന്‍പോകുന്ന കാര്യം ഷാനിഫ് അശ്വതിയോട് പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പൊലീസ് പറയുന്നു. കുഞ്ഞിന്റെ വാരിയെല്ലിന് പരുക്കുപറ്റിയതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഇവര്‍ ആശുപത്രിയില്‍ എത്തിച്ചത്. ന്യൂമോണിയ ഉള്‍പ്പെടെ ബാധിച്ച് മരിച്ചു എന്ന തരത്തില്‍ ചിത്രീകരിക്കാനായിരുന്നു ആദ്യ ശ്രമം. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയില്‍ കൊണ്ടുവന്നതാണെന്നും ഡോക്ടര്‍മാരോട് പറഞ്ഞു. പിന്നീട് കുഞ്ഞ് കട്ടിലില്‍നിന്ന് വീണതാണെന്നും പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട ഡോക്ടര്‍മാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. നേരത്തെ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന അശ്വതി ഇയാളെ പരിചയപ്പെടുമ്പോള്‍ നാലു മാസം ഗര്‍ഭിണിയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page