റെയില്‍വെ സ്റ്റേഷനുകളില്‍ സന്ദര്‍ശനത്തിനെത്തിയ എം.പിക്ക് കരിങ്കൊടി; കുമ്പളയില്‍ സ്വീകരണം

കാസര്‍കോട്: അവഗണന നേരിടുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ സന്ദര്‍ശനത്തിനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയോട് സമ്മിശ്ര പ്രതികരണം. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കുമ്പളയില്‍ ജനപ്രതിനിധികളും സംഘടനകളും നാട്ടുകാരും വന്‍ സ്വീകരണവും നല്‍കി. കഴിഞ്ഞ നാലരവര്‍ഷക്കാലം പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കാത്ത എം.പി ഇപ്പോള്‍ നടത്തുന്ന സന്ദര്‍ശനം പ്രഹസനമാണെന്നും ഇത് തെരഞ്ഞെടുപ്പുമുന്നില്‍ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും ആരോപിച്ചാണ് മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം കുമ്പളയില്‍ എത്തിയ എം.പിയെ കുമ്പള പഞ്ചായത്ത് ഭരണസമിതിയും ത്രിതല പഞ്ചായത്ത് അംഗങ്ങളും യുഡിഎഫ്, പ്രവര്‍ത്തകരും സ്വീകരണം നല്‍കി. വ്യാപാരി നേതാക്കളും പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകരും സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചു. ഒരു മണിക്കൂറോളം-കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ചിലവിട്ട എം.പി യാത്രക്കാരുമായി സംസാരിച്ചു. സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ കുറവും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തതിന്റെ ദുരിതവും എംപിക്കു മുന്നില്‍ പരാതികളായി നിരത്തിവച്ചു. പ്രശ്നത്തിനു പരിഹാരം കാണാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെടുമെന്ന് അറിയിച്ചാണ് എം.പി മടങ്ങിയത്.
കരിങ്കൊടി കാണിച്ച അഞ്ചു എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page