കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അമ്പലത്തറയിലെ 18 കാരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. അമീബിക് മസ്തിഷ്‌ക ജ്വര ബാധ കാരണം നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ യുവാവ് വെന്റിലേറ്ററിലാണ്. ചൊവ്വാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുണ്ട്. ചികില്‍സയ്ക്കാവശ്യമായ പണം സ്വന്തം നിലയിലും നാട്ടുകാര്‍ രൂപീകരിച്ച സഹായ കമ്മിറ്റിയുമാണ് നല്‍കുന്നത്. ജൂലൈ 27 തിങ്കളാഴ്ച നടത്തിയ ലബോറട്ടറി പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പ് ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ ഒരു കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രോഗ സ്ഥിരീകരണം വന്നതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.







