കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; ഒരു കാർ കസ്റ്റഡിയിൽ; മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺ കോൾ

കൊല്ലം:കൊല്ലം ജില്ലയിലെ ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയിലെ പള്ളിക്കലില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്.ഉപേക്ഷിച്ചു പോയ നിലയിലായിരുന്നു വാഹനം. ഇന്ധനം കഴിഞ്ഞുപോയതാണോ പൊലീസ് അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.
മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍ വന്നിരുന്നു. ഇക്കുറി 10 ലക്ഷമാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കുമെന്നും പറഞ്ഞിട്ടുണ്ട്. സ്ത്രീശബ്ദമാണ് സംസാരിക്കുന്നത്. കുട്ടി സുരക്ഷിതയാണ്. നിങ്ങള്‍ 10 ലക്ഷം അറേഞ്ച് ചെയ്‌തോളൂ. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാം എന്നാണ് പറഞ്ഞത്. കുട്ടിക്ക് അപകടം പറ്റാതിരിക്കണമെങ്കില്‍ പൊലീസില്‍ അറിയിക്കരുത് എന്ന് നിര്‍ദ്ദേശിക്കുന്നുമുണ്ട്. കാശ് ഇപ്പോള്‍ നല്‍കാം, ഇപ്പോള്‍ തന്നെ കുട്ടിയെ വിട്ടയയ്ക്കുമോ എന്ന ചോദ്യത്തിന് നാളെ നല്‍കാനാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് എന്നാണ് ഫോണിലൂടെ സ്ത്രീ മറുപടി നല്‍കുന്നത്.

ആദ്യം വിളിച്ചതും ഒരു സ്ത്രീ തന്നെയായിരുന്നു. അപ്പോള്‍ അഞ്ച് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ആ വിളി വന്നത് പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ ഫോണില്‍ നിന്നായിരുന്നു. കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീയും പുരുഷനുമാണ് തന്റെ ഫോണ്‍ വാങ്ങി വിളിച്ചതെന്ന് കടയുടമ പറഞ്ഞു. സ്ത്രീക്ക് 35 വയസ് പ്രായം പറയും. ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ഷാള്‍ ഉപയോഗിച്ച്‌ തല മറച്ചിട്ടുണ്ടായിരുന്നെന്നും കടയുടമ പറഞ്ഞിരുന്നു. പുരുഷന് 45 വയസോളം പ്രായമുണ്ട്. മൂന്ന് തേങ്ങയും ബിസ്‌കറ്റും റെസ്‌കും കേക്കും വാങ്ങി. ഓട്ടോയിലാണ് വന്നത്. ആദ്യം വന്ന് ബിസ്‌കറ്റുണ്ടോ എന്ന് ചോദിച്ചു. പിന്നീടാണ് മറ്റ് സാധനങ്ങള്‍ വാങ്ങിയതും ഫോണുമായി കടയില്‍ നിന്ന് പുറത്തേക്ക് പോയി വിളിച്ച ശേഷം തിരികെ കൊണ്ടുവന്നെന്നും കടയുടമ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page