ഗ്വാളിയോര്‍: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ സുഹൃത്തും മറ്റ് രണ്ട് പേരും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയുടെ ബന്ധു ഉള്‍പ്പെടെ മൂന്ന് പ്രതികളും അറസ്റ്റിലായി. നവംബര്‍ 21 നു മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മുഖ്യപ്രതി രാമു കുശ്വാഹയുമായി താന്‍ ഫെയ്സ്ബുക്കിലൂടെ ഒരുവര്‍ഷം മുമ്പാണ് പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. നവംബര്‍ 21 ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുശ്വാഹ തന്നെ കാണാന്‍ വരുന്നതായി ഫോണിലൂടെ അറിയിച്ചിരുന്നു. അരമണിക്കൂറിന് ശേഷം കാമുകന്‍ കാറുമായി എത്തുകയായിരുന്നു. സുഹൃത്തുക്കളായ അരവിന്ദ്, ഛോട്ടേ ഖാന്‍ എന്നിവരോടൊപ്പം കുശ്വാഹ പെണ്‍കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. കയറാന്‍ വിസമ്മതിച്ചെങ്കിലും മൂവരും ചേര്‍ന്ന് തന്നെ കാറില്‍ കയറ്റി ഓടിച്ചുപോവുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പിന്നീട് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി വാഹനത്തില്‍ വച്ചുതന്നെ മാറിമാറി ബലാത്സംഗം ചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. അരവിന്ദ് എംഎല്‍എ അജബ് സിംങിന്റെ മരുമകനാണ് കുശ്വാഹ. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഗ്വാളിയോര്‍ പൊലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് ചനാഡെല്‍ പറഞ്ഞു.