കാസര്‍കോട്: മോഷ്ടിക്കുന്ന സ്‌കൂട്ടറില്‍ സഞ്ചരിച്ച് vസ്ത്രീകളുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിക്കുന്നത് പതിവാക്കിയ സംഘം പൊലീസ് പിടിയില്‍. സംഘത്തെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നടന്ന നിരവധി മാലപൊട്ടിക്കല്‍ കേസുകള്‍ക്കു തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കൊയിലാണ്ടി, മാവലിച്ചിക്കണ്ടി ഹൗസില്‍ സൂര്യന്‍ (26), കോഴിക്കോട്, താമരശ്ശേരി, അടിവാരം, മുപ്പതേക്കറിലെ പുത്തന്‍ വീട്ടില്‍ ഹൗസില്‍ അനസ് എന്ന റംബൂട്ടാന്‍ അനസ് (29) എന്നിവരെയാണ് കൂത്തുപറമ്പ് എ സി പി സിബി ടോമിന്റെ നേതൃത്വത്തില്‍ സമര്‍ത്ഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്.
വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ എത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലായത്. ജയിലില്‍ നിന്നു ഇറങ്ങിയ ശേഷം ഇരുവരും ഒരു ടീമായി മാലപ്പൊട്ടിക്കാന്‍ ഇറങ്ങിയതായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെങ്കിലും സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാറുണ്ട്. ഒരു കോള്‍ ചെയ്യാന്‍ എന്ന വ്യാജേന മറ്റാരുടെയെങ്കിലും മൊബൈല്‍ ഫോണ്‍ വാങ്ങി ഇന്‍സ്റ്റഗ്രാമിലേയ്ക്ക് സന്ദേശം അയക്കുകയായിരുന്നു ഇവരുടെ രീതി. ഇതു വഴിയാണ് ഇരുവരും കവര്‍ച്ച നടത്തേണ്ട ലൊക്കേഷനുകളില്‍ എത്തിയിരുന്നത്. കാപ്പ ഉള്‍പ്പെടെ 30ല്‍ അധികം കേസുകളില്‍ പ്രതിയായ അനസ് ജൂണ്‍ 12നാണ് കണ്ണൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത്. നേരത്തെ കണ്ണൂര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയ സൂര്യൻ മറ്റൊരു കേസില്‍ പൊന്നാനി ജയിലിലായി. അനസ് പുറത്തിറങ്ങിയ ശേഷം സൂര്യനും പുറത്തിറങ്ങി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സ്‌കൂട്ടറില്‍ സഞ്ചരിച്ച് മാലപ്പൊട്ടിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
ജൂണ്‍ 30ന് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരുവരും ആദ്യത്തെ മാലപ്പൊട്ടിക്കല്‍ നടത്തിയത്. ജൂലായ് ഒന്നിന് തളിപ്പറമ്പിലെത്തി ദേശീയ പാതയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു സാധനം വാങ്ങി മടങ്ങുകയായിരുന്ന എ ഉമാദേവി (68) യുടെ കഴുത്തില്‍ നിന്നു മാലപ്പൊട്ടിച്ചു രക്ഷപ്പെട്ടു. പിന്നീട് നീലേശ്വരത്തും കാഞ്ഞങ്ങാട്ടും എത്തിയ സംഘം നെല്ലിത്തറയില്‍ ഒരു യുവതിയെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി മാലപ്പൊട്ടിച്ചോടി. പിന്നീട് സംഘം മംഗ്‌ളൂരുവിലേയ്ക്ക് കടന്നു.
മട്ടന്നൂരിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഭവത്തിലെ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിയത്. മാലപ്പാട്ടിക്കലിന്റെ സൂത്രധാരന്‍ അനസ് ആണെന്നു ഉറപ്പാക്കിയതോടെ ഇന്നലെ (ഞായര്‍) വീടു വളഞ്ഞാണ് പിടികൂടിയത്. ഇയാളില്‍ നിന്നാണ് കൂട്ടുപ്രതിയായ സൂര്യനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെയും പിടികൂടി.







