പയ്യന്നൂര്‍: ഒന്നര വയസുള്ള കുട്ടി ചികിത്സാപ്പിഴവ് കാരണം മരിച്ച കേസില്‍ വിദഗ്ധ അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കണ്ണൂര്‍ ഡി.എം.ഒയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. പരിയാരം മെഡി. കോളേജ് സൂപ്രണ്ട്, പീഡിയാട്രീഷന്‍, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ മെഡിക്കല്‍ ബോര്‍ഡിലുണ്ടാകും. ബോര്‍ഡ് യോഗം ഉടന്‍ തന്നെ ചേരുമെന്നാണ് സൂചന. പൊലീസ് പിടിച്ചെടുത്ത ചികിത്സാരേഖകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. ആരോപണവിധേയരായ ഡോക്ടര്‍മാരില്‍ നിന്നും കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും മെഡിക്കല്‍ ബോര്‍ഡ് മൊഴിയെടുക്കും.
അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന. അനസ്‌തേഷ്യ നല്‍കി പത്ത് മിനിറ്റിനകം തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണത്തിന് പുറമെ പയ്യന്നൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടരും .
മാതമംഗലം ,എരമം നടുവിലെകുനിയിലെ പി.സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകന്‍ ദേവാന്‍ഷ് ശൗര്യ ആണ് മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ചുണ്ടിനേറ്റ മുറിവിന് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ അനസ്‌തേഷ്യ നല്‍കിയത്.







