കാസര്‍കോട്: കാസര്‍കോട്, കറന്തക്കാട് ദേശീയ പാതയില്‍ കൂട്ട വാഹനാപകടം. 6 പേര്‍ക്ക് പരിക്കേറ്റു. മൂന്നു കാറുകള്‍ തകര്‍ന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ (ഞായര്‍) 12 മണിയോടെ ദേശീയ പാത സര്‍വ്വീസ് റോഡ് മധൂര്‍ റോഡ് ജംഗ്ഷനിലാണ് അപകടം. മധൂര്‍ റോഡില്‍ നിന്നു കയറി വന്ന കാര്‍ പുതിയ ബസ് സ്റ്റാന്റ് ഭാഗത്തു നിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്ന കാറില്‍ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, കല്ലൂരാവി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണിത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ പ്രസ്തുത കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ തല കീഴായി മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ദേശീയ പാത സര്‍വ്വീസ് റോഡിലെ ഗതാഗതം അല്‍പ സമയത്തേക്ക് തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി അപകടത്തില്‍പ്പെട്ട കാറുകളെ റോഡില്‍ നിന്നു മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.







