മദ്യപിക്കുന്നതിനിടെ കരഞ്ഞ ഒരു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ

നാഗര്‍കോവില്‍: വായില്‍ മദ്യം ഒഴിച്ചു നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച്‌ ക്രൂരമായി കൊലപ്പെടുത്തിയ‌ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍.മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്‍റെ മകൻ അരിസ്റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈനും (32) അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രബിഷയും സദാം ഹുസൈനും മദ്യപിക്കുന്നതിനിടെ കുട്ടി കരഞ്ഞതിനെ തുടര്‍ന്നാണ് കൊന്നത്.
വായില്‍ മദ്യമൊഴിച്ച ശേഷം തലയില്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു. മദ്യം നല്‍കിയ ശേഷം കുട്ടിയെ ഒരു മണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പോലീസിനെ അറിയിച്ചു.
ചീനുവിനും പ്രബിഷയും നാല് വര്‍ഷം മുൻപാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെയാണ് മൂന്ന് തവണ വിവാഹിതനായ സദാം ഹുസൈനുമായി പ്രബിഷ അടുപ്പത്തിലായത്.
ഇതേത്തുടര്‍ന്ന് ചീനുവും പ്രബിഷയും തമ്മില്‍ നിരന്തരം വഴക്കുണ്ടായി. അതിനിടെ പ്രബിഷ ഇളയ മകൻ അരിസ്റ്റോ ബ്യൂലനെയുമായി സദാം ഹുസൈനൊപ്പം നാടുവിട്ടു.
തൂത്തുക്കുടിയിലായിരുന്ന ഇവര്‍ കഴിഞ്ഞ 14നാണ് അഞ്ചുഗ്രാമത്തിലുള്ള കോഴി പണയിലെത്തിയത്. സദാം ഹുസൈനും പ്രബിഷയ്‌ക്കും രാത്രിയില്‍ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ വിശപ്പുകാരണം അരിസ്റ്റോ ബ്യൂലൻ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് കരഞ്ഞു.
തുടര്‍ന്ന് മദ്യലഹരിയിലിരുന്ന സദാം ഹുസൈൻ കുട്ടിയുടെ വായില്‍ മദ്യം ഒഴിച്ചു. കരച്ചില്‍ നിറുത്താത്തതിനെ തുടര്‍ന്ന് തലയില്‍ മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു.
ബോധം നഷ്ടമായ കുട്ടിയെ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മുക്കിപ്പിടിച്ചു. തുടര്‍ന്ന് ബോധം വരാത്തതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടത്തിയപ്പോള്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page