നവകേരളസദസിനു നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ചടങ്ങില്‍; കാസര്‍കോട് ജില്ലയില്‍ കനത്ത സുരക്ഷ

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു ശനിയാഴ്ച തുടക്കം. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളിഗെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കൂറ്റന്‍ പന്തലാണ് പരിപാടിക്കായി ഒരുക്കിയിട്ടുള്ളത്. കവാടത്തിനു മുന്നില്‍ യക്ഷഗാനം അടക്കമുള്ള തുളു നാടന്‍ കലാരൂപങ്ങളുടെ മാതൃകകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി വിലയിരുത്തി. ജനപ്രതിനിധികളും റവന്യൂ പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. നാളെ വൈകുന്നേരം 3.30ന് നവകേരളസദസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സുരക്ഷയ്ക്കായി ഡിഐ.ജി തോംസണ്‍ ജോസ് എത്തും. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്കും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി.മനോജിനുമാണ് സുരക്ഷാ ചുമതല. ജില്ലയിലെ പൊലീസുകാരെ കൂടാതെ കണ്ണൂര്‍, കോഴിക്കോട്, ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിക്കും. മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന പൊലീസുകാര്‍ എത്രയായിരിക്കുമെന്ന കാര്യത്തില്‍ ഇന്നുച്ച കഴിഞ്ഞായിരിക്കും അന്തിമതീരുമാനം ഉണ്ടാവുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മന്ത്രിമാരായ ചിഞ്ചുറാണി, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ഇന്നു കാസര്‍കോട്ടെത്തും. മറ്റു മന്ത്രിമാര്‍ നാളെ രാവിലെയാണ് എത്തുക. മുഖ്യമന്ത്രി നാളെ ഉച്ചയോടെ കാറില്‍ കാസര്‍കോട്ടേക്ക് തിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. മന്ത്രിമാര്‍ നവകേരള സദസിനു വേണ്ടി ഒരുക്കിയ പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസിലാണ് കാസര്‍കോട് നിന്നു പൈവളിഗെയിലേയ്ക്ക് തിരിക്കുക. ഉദ്യോഗസ്ഥര്‍ക്കു താമസത്തിനായി 65ല്‍പരം ഹോട്ടല്‍ മുറികളാണ് ബുക്ക് ചെയ്തിട്ടുള്ളത്. യാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സി ബസും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന പ്രത്യേക ബസ് ഇന്നു കാസര്‍കോട്ടെത്തും. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ നവകേരള സദസ് മറ്റന്നാളാണ്. ഉദുമ മണ്ഡലത്തിലെ പരിപാടി ദേശീയപാതയോട് ചേര്‍ന്നുള്ള ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്. ഗതാഗത തടസ്സത്തിനു സാധ്യത ഉള്ളതിനാല്‍ മറ്റന്നാള്‍ ഉച്ചമുതല്‍ ദേശീയപാതയിലെ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ചന്ദ്രഗിരി വഴി തിരിച്ചുവിടും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page