നിരവധി ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു, സംഭവം കുമ്പള മാട്ടംകുഴിയില്‍

കാസര്‍കോട്: കുമ്പള മാട്ടംകുഴിയില്‍ നിരവധി ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഒരു കുടുംബം താമസിക്കുന്ന മുറി പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കൃഷ്ണ എന്ന ഷൊര്‍ണൂര്‍ സ്വദേശി താമസിക്കുന്ന മുറിയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇദ്ദേഹം മുറി പൂട്ടി കഴിഞ്ഞ ദിവസം എറണാകുളത്ത് പോയിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ ക്വാര്‍ട്ടേഴ്‌സില്‍ തീപടരുകയായിരുന്നു. ശബ്ദം കേട്ട് മറ്റു മുറികളില്‍ താമസിക്കുന്നവര്‍ ഇറങ്ങിയോടി. വിവരത്തെ തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും രണ്ട് യൂനീറ്റ് ഫയര്‍ഫോഴ്‌സും തീയണക്കാനെത്തിയിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സ് പരിസരത്തേയ്ക്കുള്ള വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി അധികൃതര്‍ വിച്ഛേദിച്ചു. പത്തോളം മുറികളുള്ള ഓടിട്ട ക്വാര്‍ട്ടേഴ്‌സിലാണ് അപകടമുണ്ടായത്. മറ്റു മുറികളിലെ ആളുകളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. തീ ഇപ്പോഴും കെടുത്താനായിട്ടില്ല. മറ്റുമുറികളിലേക്ക് തീപടരുന്നത് ഫയര്‍ഫോഴ്‌സ് തടഞ്ഞിട്ടുണ്ട്. അതേസമയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page