ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്; പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ



കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയിരുന്നു.
 പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. സമാനതയില്ലാത്ത ക്രൂരതയാണെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പറയുന്നത്. ശിശുദിനത്തിലാണ് കേസിന്റെ വിധി പറയുന്നത്. രാജ്യത്ത് പോക്‌സോ നിയമങ്ങള്‍ നിലവില്‍ വന്ന ദിവസമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.
ജൂലായ് 28നായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

30 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബര്‍ നാലിനാണ് വിചാരണ തുടങ്ങിയത്. ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധശിക്ഷ വരെ ലഭിക്കാം.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച്‌ ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച്‌ മദ്യം കുടിപ്പിച്ചായിരുന്നു പീഡനം. തുടർന്ന് കൊലപ്പെടുത്തി കല്ലിട്ട് മൃതദേഹം വികൃതമാക്കി ഉപേക്ഷിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page