ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വളർത്തച്ഛന് 109 വർഷം കഠിന തടവും 6 ലക്ഷത്തിലധികം പിഴയും ശിക്ഷ


പത്തനംതിട്ട: മാതാപിതാക്കള്‍ മരിച്ച തമിഴ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വര്‍ഷം കഠിനതടവും ആറേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ച്‌ അടൂരിലെ പ്രത്യേക അതിവേഗ കോടതി.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന സംരക്ഷണത്തിനായി കൈമാറിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പന്തളം കൂരന്പാല സ്വദേശി തോമസ് സാമുവേലിനാണ് (63) ജസ്റ്റീസ് എ. ഷമീര്‍ അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്.

മരണപ്പെട്ട തമിഴ് ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. സംരക്ഷകനാകേണ്ട ആള്‍ തന്നെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ വകുപ്പുകള്‍, ബാലനീതി നിയമം എന്നിവ പ്രകാരമാണ് 109 വര്‍ഷം തടവ്. 2021 മാര്‍ച്ച്‌ മുതല്‍ 14 മാസം പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കണ്ടെത്തൽ.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനയാണ് പന്ത്രണ്ട് വയസുകാരിയുടെ സംരക്ഷണം തോമസ് സാമുവേലിനും ഭാര്യയ്ക്കും കിട്ടിയത്. മക്കളില്ലാതിരുന്ന ഇവര്‍ സ്വന്തം വീട്ടില്‍ കുട്ടിയെ താമസിപ്പിച്ച്‌ വരികയായിരുന്നു. ഇതിനിടെയാണ് തോമസ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

ദത്തെടുത്ത് അധികം വൈകാതെ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് തോമസിന്‍റെ ഭാര്യ കിടപ്പിലായതോടെ കുട്ടിയെ വളര്‍ത്താനാകില്ലെന്ന് കാട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ തിരികെ ഏല്‍പ്പിച്ചു. മറ്റൊരു ദമ്പതികള്‍  കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു.

ഈ കുടുംബത്തിലെ അംഗത്തോടാണ് ലൈംഗിക ചൂഷണം നടന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. ഈ വിവരങ്ങള്‍ വച്ച്‌ പന്തളം പോലീസില്‍ ഇവര്‍ നല്‍കിയ പരാതിയ്ക്ക് പിന്നാലെയാണ് തോമസിനെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ മരണപ്പെ‌ട്ട ശേഷം പെണ്‍കുട്ടി മുത്തശിയുമൊത്താണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്നത്.

തിരുവല്ല കടപ്രയിലെ കടത്തിണ്ണയില്‍ കഴിയുകയായിരുന്ന ഇരുവരേയും ജനപ്രതിനിധികള്‍ ഇടപെട്ടാണ് സംരക്ഷണ കേന്ദ്രത്തിലാക്കിയത്. ഇവിടെ നിന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. മുത്തശി പിന്നീട് തീകൊളുത്തി ജീവനൊടുക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page