ബന്തടുക്ക മാണിമൂല, ശ്രീമല മേഖലകളില്‍ കാട്ടാനകളിറങ്ങി; കൃഷി നശിപ്പിച്ചു; കര്‍ഷകര്‍ ദുരിതത്തില്‍

കാസര്‍കോട്: മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം ബന്തടുക്ക മാണിമൂല, ശ്രീമല മേഖലകളില്‍ കാട്ടാനകളിറങ്ങി. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമാണ് ശ്രീമലയില്‍ രണ്ടുകാട്ടാനകള്‍ എത്തിയത്. കര്‍ഷകനായ ജോസ് വര്‍ക്കി ശ്രീമലയുടെ തോട്ടത്തിലാണ് നാശം വിതച്ചത്. കൃഷിയിടത്തിലെ കമുകും ഫലവൃക്ഷങ്ങളും മറ്റും കാട്ടാനകള്‍ കുത്തിമറിച്ചും തിന്നു നശിപ്പിച്ചും ഭീതി സൃഷ്ടിക്കുകയാണ്. ദിവസങ്ങളിലായി പ്രദേശത്ത് തമ്പടിച്ച ആനകള്‍ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായ തെങ്ങ്, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയ നിരവധി വിളകളാണ് ചവിട്ടിമെതിച്ചും പിഴുതെറിഞ്ഞും നശിപ്പിച്ചത്. വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. കാട്ടാനകളുടെ സാന്നിധ്യം കാര്‍ഷിക മേഖലയെ തകര്‍ത്തതിന് പുറമെ പ്രദേശവാസികളുടെ ജീവനും കടുത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്. ആനപ്പിണ്ടവും കാല്‍പ്പാടുകളും കൃഷിയിടങ്ങളില്‍ പരക്കെ കാണാം. കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനക്കൂട്ടമാണ് കൃഷി നശിപ്പിക്കുന്നത്. വന്യമൃഗശല്യം പതിവാകുന്നത് തടയാന്‍ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കൃത്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും, കാട്ടാനകളുടെ ആക്രമണത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page